മലയാള സിനിമയിലെ ത്രില്ലർ സിനിമകളിൽ മികച്ചു നിൽക്കുന്ന ചിത്രമാണ് അഞ്ചാം പാതിര.സൈക്കോ കില്ലറായെത്തിയ ഷറഫുദ്ദീനും ക്രിമിനോളജിസ്റ്റായെത്തിയ കുഞ്ചാക്കോ ബോബനും തങ്ങളുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടുകയായിരുന്നു.
മലയാള സിനിമയിലെ ത്രില്ലർ ചിത്രങ്ങളിൽ മലയാളികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ചിത്രം ബോളിവുഡ്ൽ റീ മേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.സംവിധായകന് മിഥുന് മാനുവല്‍ തന്നെയാണ് ബോളിവുഡ് ചിത്രവും സംവിധാനം ചെയ്യുന്നത്.ആഷിഖ് ഉസ്മാനും റിലയന്‍സ് എന്റര്‍ടെയ്മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദി റീമേക്കില്‍ ആരെല്ലാമായിരിക്കും പ്രധാന വേഷങ്ങളിലെത്തുക എന്ന് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നാണ് മിഥുന് മാനുവല്‍ അറിയിച്ചിരിക്കുന്നത്. തിരുവോണ നാളില്‍ ആരാധകര്‍ക്കുള്ള മിഥുന്റെ സമ്മാനമാണ് ഈ വാര്‍ത്ത. 2020 ജനുവരി 10ന് റിലീസ് ചെയ്ത അഞ്ചാം പാതിര 60 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയത്.
കുഞ്ചാക്കോ ബോബന് അന്‍വര്‍ ഹുസൈനായും ഷറഫുദ്ദീന്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സ്ക്രീനിലെത്തി. ഹിന്ദിയ്ക്ക് പുറമെ തമിഴിലേക്കും മിഥുന് മാനുവല്‍ അരങ്ങേറുകയാണ്. അന്‍വര്‍ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്റെ തമിഴ് പ്രവേശനം. കൈതി താരം അര്ജുന് ദാസാണ് ചിത്രത്തിലെ നായകന്.