പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഇനി ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ളൂ എന്നാക്കിയിരുന്നു ട്വിറ്ററിന്റെ പുതിയ നയം. പുതിയ നയത്തിന് പിന്നാലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ബ്ലൂടിക്ക് നഷ്ടപ്പെട്ടിരുന്നു.
ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന് എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ബ്ലൂടിക്ക് നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ രസകരമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നഷ്ടമായതോടെ സബ്സ്ക്രിപ്ഷനായുള്ള പണം അടച്ചെന്നും ബ്ലൂ ടിക്ക് തിരികെ നല്‍കണമെന്നുമാണ് ബച്ചന്റെ ആവശ്യം.
”ഹേയ്, ട്വിറ്റര്‍..കേള്‍ക്കുന്നുണ്ടോ? സബ്സ്ക്രിപ്ഷന് വേണ്ടിയുള്ള പണം ഞാന്‍ അടച്ചിട്ടുണ്ട്. അതുകൊണ്ട്, എന്റെ പേരിന് മുമ്പിലുള്ള ബ്ലൂ ടിക്ക് തിരികെ നല്‍കുമോ? അങ്ങനെയെങ്കില്‍ ഞാന്‍ അമിതാഭ് ബച്ചനെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കും. കൈകൂപ്പി ഞാന്‍ അപേക്ഷിക്കുന്നു. ഇനി ഞാന്‍ നിങ്ങളുടെ കാല്ക്കല് വീഴണോ?” എന്നാണ് അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിന്റെ പുതിയ നയം പ്രകാരം പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും അടക്കമുള്ള പ്രമുഖരുടെയെല്ലാം നീല ചെക്ക് ചിഹ്നം എടുത്തു മാറ്റിയിട്ടുണ്ട്. പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി ബ്ലൂ ടിക്ക് വെരിഫിക്കേഷന് ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കുമെല്ലാം ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒയ്ക്കും ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന് ഇല്ല.