ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നു നടി ഊര്‍മ്മിള ഉണ്ണി . ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കിടെ ഓരോ പോസ്റ്റുമായി താരം എത്താറുണ്ട്. തനിക്കേറെ പ്രിയപ്പെട്ട ഗായകനായ നവനീത് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെട്ടതിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടി .
പാട്ടുകള്‍ കേട്ടുകേട്ട് എന്നെങ്കിലും ഈ മോനെ ഒന്നു പരിചയപ്പെടണമെന്ന് വല്ലാത്ത മോഹം തോന്നി. സംഗീത പ്രിയരായ സുഹൃത്തുക്കള്‍ക്കെല്ലാം ഞാന്‍ ഇയാളുടെ വീഡിയോകള്‍ അയച്ചുതുടങ്ങി. അങ്ങ് അമേരിക്കയില്‍ താമസിക്കുന്ന കുട്ടി കേരളത്തില്‍ വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.
അങ്ങിനെ ആ സുദിനം വന്നെത്തി. വിദേശത്തു നിന്നും മകന് അമ്മയെ കാണാന്‍ വരുന്ന ആവേശമായിരുന്നു എനിക്ക് . 6 മണിയുടെ സംഗീത വിരുന്നിനു് 5 മണിക്കേ തൃപ്പൂണിത്തുറ ജെടി പാര്‍ക്കി ല്‍ കയറി സ്ഥലം പിടിച്ചു. കാണികള്‍ക്കിടയിലൂടെ ഓടി വന്നു വേദിയില്‍ കയറിയ നവനീതിനെ നിറഞ്ഞ സദസ്സ് വലിയ കരഘോഷത്തോടെ സ്വീകരിച്ചു.
അമേരിക്കന്‍ ആക്സന്റില്‍ ഇംഗ്ലീഷിലുള്ള സംസാരം. മലയാളമേ പറയുന്നില്ല. പക്ഷെ ആദ്യം പാടിത്തുടങ്ങിയ ‘പൊല് തിങ്കള്‍ക്കല പൊട്ടു തൊട്ട ത് ഹിമവല്‍ ശൈലാഗ്രത്തിലല്ല; കേട്ടിരുന്ന ഓരോരുത്തരുടെയും മനസ്സിലായിരുന്നു. നാദബ്രഹ്മത്തിന് സാഗരം നീന്തിത്തുടിച്ചത് എന്റെ നെഞ്ചിലായിരുന്നു. കാരണം സരസ്വതീയാമം കഴിഞ്ഞ് അഗ്നി കിരീടം ചൂടി ആശ്വാരൂഢനായി സ്വരങ്ങളില്‍ നിന്നു സ്വരങ്ങളിലേക്ക്. രാഗങ്ങളില്‍ നിന്നു രാഗങ്ങളിലേക്ക് നിഷ്പ്രയാസം അതിമനോഹരമായി ഗാനമാലപിക്കുന്ന ഇതുപോലൊരു മകനെ ഏതമ്മയാണ് കൊതിക്കാത്തത് ?
ആ തണുത്ത മുറിയില്‍ നീ പാതിയില്‍ പാടി നിര്‍ത്തിയ ഇലഞ്ഞിപ്പൂമണം എന്നില്‍ നിറഞ്ഞു കവിയുകയായിരുന്നു .താവകാത്മാവിനുള്ളിലെ നിത്യദാഹമാകാന്‍ അവിടെയിരുന്ന ഓരോ പെണ്‍കുട്ടികളും മോഹിച്ചിരിക്കും. പരിപാടി കഴിഞ്ഞിട്ടും നിന്നെ നോക്കി കൊതിതീരാതെ നെഞ്ചു വിങ്ങിപൊട്ടിക്കൊണ്ട് പുറത്തേക്കു നടക്കുമ്പോഴും ഭാഗ്യം ചെയ്ത ആ അച്ഛനമ്മമാരെ നമിച്ചു. മടക്കയാത്രയിലും വെറുതെ ആഗ്രഹിച്ചു , അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന്. നവനീതും , സംഗീതസ്വരങ്ങളും ,താള ഭേദങ്ങളും ഒക്കെ മനസ്സുനിറഞ്ഞു കവിയുമ്പോള്‍ ഓര്‍ത്തു .. ‘നിങ്ങളീ ഭൂമിയില്‍ ഇല്ലാതിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം എന്നുമായിരുന്നു കുറിപ്പ്.