ബിഗ് ബോസ് മലയാളം സീസണ് 5 വേദിയില്‍ മത്സരാര്ഥികളില് ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കുറിച്ച് നടത്തിയ പരാമാര്‍ശം വലിയ വിമര്‍ശനം നേടിയിരുന്നു. ഒരു ടാസ്കിനിടെയായിരുന്നു അഖില്‍ മാരാര്‍ മധുവിനെ പരിസഹിച്ചത്.
ഇത് വലിയ വിമര്‍ശനത്തിന് കാരണമാവുകയും അഖില്‍ മാരാര്‍ക്ക് എതിരെ പോലീസില്‍ പരാതി എത്തുകയും ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ദിനു വെയില് ആയിരുന്നു അഖില്‍ മാരാര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയത്.
വിഷയം വിവാദമായതോടെ അഖില്‍ മാരാരിന്റെ ഈ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു.സംഘാടകര്‍ എന്ന നിലയില്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ഖേദം ആണ് മോഹന്‍ലാല്‍ പ്രകടിപ്പിച്ചത്.
‘സമൂഹം മാനിക്കുന്ന പൊതു മര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ ദിവസം മത്സരാര്ഥികളില് ഒരാള്‍ ഒരു ടാസ്കിനിടെ രക്തസാക്ഷിയായ സഹോദരന് മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു.
നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തില്‍ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.
തീര്‍ച്ഛയായും ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്ക്കുകയാണെങ്കില് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്’, എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്ന് അഖിലിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. താന്‍ തമാശയും ആക്ഷേപ ഹാസ്യവുമാണ് ഉദ്ദേശിച്ചത് എന്നായിരുന്നു അഖില്‍ മാരാരിന്റെ വാക്കുകള്‍.
‘ഞാന്‍ പറഞ്ഞത് മറ്റേതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ഛയായും മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. തെറ്റിദ്ധാരണ ആയാലും അല്ലാതെ ആയാലും മാപ്പ് ചോദിക്കുന്നു’, തുടര്‍ന്ന് അഖില്‍ പറഞ്ഞു.
ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെ ഉണ്ടായ പരാമര്‍ശമായിരുന്നു വിവാദമായത്. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില് അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ’, മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.