പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്മാറി നടന് അല്ലു അര്ജുന്. പരസ്യത്തിനായി കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു . താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ആ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അല്ലു പറഞ്ഞു.
അല്ലു അര്‍ജുന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. വലിയൊരു തുക തന്നെ ഓഫര്‍ ചെയ്തിട്ടും, ഇങ്ങനെ ഒരു പരസ്യം ചെയ്യാതിരുന്ന അല്ലുവിന് സോഷ്യല്‍ മീഡിയ നിറയെ അഭിനന്ദനമാണ്. അതേസമയം വലിയ തുക കൈപ്പറ്റി നിരവധി പരസ്യങ്ങള്‍ ചെയ്യുന്ന , നിരവധി താരങ്ങളെ നമുക്ക് അറിയാം.
നേരത്തെ ബോളിവുഡ് നടന് അക്ഷയ് കുമാറും പാന്‍മസാല പരസ്യങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പോസ്റ്റും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.
എല്ലാ പ്രേക്ഷകരോടും താന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാന്‍ പിന്തുണയ്ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും
ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.