നാഗര്‍കോവില്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സ്റ്റണ്ട് മാസ്റ്റര്‍ കനല് കണ്ണനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ ഡിഎംകെ നേതാവ് ഓസ്റ്റിന്‍ ബെന്നറ്റും കനല് നല്കിയ പരാതിയിലാണ് കനല്കണ്ണനെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട് ഹിന്ദു മുന്നണിയുടെ അധ്യക്ഷനായ കനല് കണ്ണന് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തിയിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈസ്തവ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചതിന് കുറച്ച് ദിവസം മുന്‍പ് കനല് കണ്ണനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു.
ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവൈര്യം പടര്‍ത്തുന്നതുമാണെന്നാണ് ഓസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. അതേസമയം വര്‍ഗീയ വിദ്വേഷം നടത്തിയതിന് നേരത്തെയും ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
ശ്രീരംഗം ക്ഷേത്രത്തിന് സമീപത്തുള്ള പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ പൊതുയോഗത്തില്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും ഇയാള്‍ അറസ്റ്റിലായിരുന്നു.
ദിലീപ് ചിത്രം ജാക്ക് ആന്‍ഡ് ജില്, മൈ സാന്റ, പൃഥിരാജ് ചിത്രം കടുവ എന്നിവയ്ക്ക് സംഘട്ടനം ഒരുക്കിയത് കനല് കണ്ണനാണ്.