സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന ലിയോ. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ് -ലോകേഷ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന നിലയിലുമാണ് ചിത്രത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ പോസ്റ്റര്‍. ഇപ്പോഴിത ഈ പോസ്റ്റര്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പോസ്റ്ററിന് എതിരെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്.
പോസ്റ്ററില്‍ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം.വിജയ് പുകവലിക്കുന്നതിനെ വിമര്‍ശിച്ച് രാജ്യസഭാ എംപി അന്‍പുമണി രാമദോസും രംഗത്തെത്തി.
പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണമെന്ന് അന്‍പുമണി രാമദോസ് ട്വിറ്ററില്‍ കുറിച്ചു. ”നടന് വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം.
‘ലിയോ’യിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നതു കാണിച്ചത് ശരിയായില്ല. കുട്ടികളും വിദ്യാര്‍ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്.
പുകവലി രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ല-എന്നാണ് അന്‍പുമണി കുറിക്കുന്നത്.
ജനങ്ങളെ പുകവലിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം വിജയ്യ്ക്കുണ്ട്. നിയമം പറയുന്നതും അതുതന്നെയാണ്. വിജയ് തന്റെ ഉറപ്പുപാലിച്ചില്ല. 2007ലും 2012ലും അദ്ദേഹം ഉറപ്പു പറഞ്ഞതുപോലെ പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം.”അന്‍പുമണി രാമദോസ് ട്വീറ്റ് ചെയ്തു.