തമിഴ് സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം.
പാ രഞ്ജിത്തിനൊപ്പം വിക്രം എത്തുമ്പോൾ, തമിഴ് സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ചിത്രം തന്നെയാകും ഇതെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ചെറിയ അപ്ഡേഷൻ പോലും സിനിമ പ്രേമികൾക് ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടീസർ വീഡിയോയ്ക്കൊപ്പമാണ് അണിയറ പ്രവർത്തകർ പേര് പുറത്തുവിട്ടത്. ‘തങ്കലാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംസാരിക്കുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ടീസർ.
വിക്രമിനൊപ്പം ശ്രദ്ധേയമായ സാന്നിധ്യമായി പാർവ്വതി തിരുവോത്തും ടീസറിലുണ്ട്.19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്.
അതേസമയം മാളവിക മോഹനൻ ആണ് സിനിമയിലെ നായിക. പശുപതിയും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. ‘കെജിഎഫ്’, കമൽഹാസൻ ചിത്രം ‘വിക്രം’ എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന തങ്കലാൻ ഹിന്ദിയിലും ചിത്രീകരിക്കും.ചിത്രം ത്രീഡിയിൽ ചിത്രീകരിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞിരുന്നു.