സൈനിക വേഷത്തില്‍ സന്ദര്‍ശനം നടത്തിയ നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്’ എന്ന യുട്യൂബ് ചാനല്‍ ഉടമ പോലീസ് കസ്റ്റഡിയിൽ.ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സമൂഹമധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യൂണിറ്റായ മദ്രാസ് റെജിമെന്റ് 122 ആണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ സംഭവസ്ഥലത്തെത്തിയതും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയതും. എന്നാല്‍ ഇതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ‘ചെകുത്താന്റെ’ പ്രതികരണം.മോഹന്‍ലാലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും വീഡിയോകളും ‘ചെകുത്താന് 2024’ എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ അജു അലക്സ് പങ്ക് വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്…
‘ഇത്രേം പട്ടാളക്കാര്‍ ഒരാളുടെ പിറകെ, അതും ദുരിതമുഖത്ത്, രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട selfie and photoshoot with a celebrity പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണല്‍ എത്തിക്സ് ഇല്ലാത്ത പോലെ തോന്നുന്നു. എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയില്‍ മോഹന്ലാല്ലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊര്‍ജം ഓക്കെ ഉണ്ടാക്കാന്‍ ഒരു സിനിമാനടന് വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തില്‍ മോഹന്‍ലാല്‍ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ ഇങ്ങനെ ഉള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് പ്രായോഗികം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാര്‍ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളില്‍ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാര് ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്? എന്നും പോസ്റ്റിൽ ഉണ്ട്