പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര റോഡപകടത്തില്‍ മരിച്ചു.

പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെ സോഹാഗ്പൂരിനടുത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന മിശ്രയെ ട്രക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ടൂറിന്റെ ഭാഗമായിരുന്നു മിശ്ര. ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോയില്‍ നിന്ന് സെപ്തംബര്‍ 21നാണ് പര്യടനം ആരംഭിച്ചത്.

സ്‌കൈലോര്‍ഡ് എന്ന പേരിലാണ് മിശ്ര ഇന്‍സ്റ്റഗ്രാമില്‍ വുഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇന്‍സ്റ്റയില്‍ 4.24 ലക്ഷം പേര്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. യുട്യൂബില്‍ 1.64 ലക്ഷം ഫോളോവേഴ്‌സുമുള്ള മിശ്ര രണ്ടാഴ്ച മുന്‍പാണ് തന്റെ അവസാനത്തെ വിഡിയോ പോസ്റ്റ് ചെയ്തത്.