പി.ജി ഡോക്ടറെന്ന വ്യാജേന മെഡിക്കല്‍ കോളജില്‍; രോഗിയെ ചികിത്സിച്ച് പണം തട്ടി; യുവാവ് പിടിയില്‍

പി.ജി. ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിലായി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് പൊലീസ് പിടികൂടിയത്. ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒന്നാം വാര്‍ഡില്‍ കാലിന് പരുക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജില്‍വച്ച് തന്നെയാണ് ഡോക്ടര്‍ എന്ന വ്യാജേന റിനുവിന്റെ സഹോദരനൊപ്പം നിഖില്‍ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുന്‍ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് മെഡിക്കല്‍ കോളജില്‍ കറങ്ങിയത്. നിസാര കാല്‍ വേദനയുമായി വന്ന റിനുവിന് മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി നിഖില്‍ മരുന്നിനും പരിശോധനകള്‍ക്കുമായി വന്‍ തുക കൈക്കലാക്കി. സംശയം തോന്നി ഡോക്ടര്‍മാര്‍ അടക്കം ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറല്ലെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു.

ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫിസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളജ് സി.ഐ. പറഞ്ഞു.