ഇടുക്കി ജില്ലയിലെ മാങ്കുളം കൈനഗിരിയില്‍ വിവാഹചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫേഴ്സിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.മുഖത്തും മൂക്കിനും പരിക്കേറ്റ ജെറിന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ ജെറിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലമുള്‍പ്പെടെ തകര്‍ന്ന യുവാക്കള്‍ ചികിത്സയിലാണ്. എറണാകുളം പാലക്കുഴയിലാണ് ജെറിന് താമസിക്കുന്നത്. തിങ്കളാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം. മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമായിരുന്നു എത്തിയത്.
അതേ സമയം ജെറിനും സുഹൃത്തുക്കളും ഞായറാഴ്ച രാത്രിയില്‍ തന്നെ മാങ്കുളത്ത് എത്തിയിരുന്നു. ഇവര്‍ക്ക് മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസവും ഒരുക്കിയിരുന്നു. ഇവരുടെ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ അടക്കം മറ്റ് ചിലരെത്തി മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിക്കുകയും ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനോട് കൂടി പങ്ക് വെക്കുകയും ചെയ്തു.ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഫോട്ടോഗ്രാഫേഴ്സ് മടങ്ങിയതിന് പിന്നാലെ ഇവരുടെ വാഹനത്തെ പിന്തുടര്ന്ന് വധുവിന്റെ ബന്ധുക്കള്‍ എത്തുകയായിരുന്നു. കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരി ഗോമതിക്കടക്ക് സമീപം വെച്ച് ഫോട്ടോഗ്രാഫേഴ്സിന്റെ വാഹനം തടഞ്ഞ് നിര്‍ത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.