സ്ഥിരം വാര്‍ത്തകള്‍ കാണുന്നവരാണോ നിങ്ങള്‍?; ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്ന് പഠനം

വാര്‍ത്തകള്‍ ഇഷ്ടപ്പെടുന്നവരും അത് മാത്രം കാണാന്‍ താത്പര്യപ്പെടുന്നവരും ഉണ്ട്. എന്നാല്‍ വാര്‍ത്തകള്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് പണികിട്ടാമെന്ന് പറയുകയാണ് ഒരു പഠനം. സ്ഥിരമായി വാര്‍ത്തകള്‍ കാണാനും വായിക്കാനും താത്പര്യമുള്ളവരില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, ശാരീരിക രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നാണ് ജേണല്‍ ഹെല്‍ത്ത് കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ആശങ്ക നിറയ്ക്കുന്ന വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്യുന്ന പലരും മാനസികമായി തളര്‍ന്നവരും പെട്ടെന്ന് സങ്കടപ്പെടുന്നവരുമാണെന്നാണ് പഠനം പറയുന്നത്. വാര്‍ത്തകള്‍ക്ക് അടിമയാകുന്നത് മാനസികവും ശാരീരികവുമായി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. വാര്‍ത്തകളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ചിലരില്‍ ഉയര്‍ന്ന ജാഗ്രതയും അമിതാവേശവും ഉണ്ടാക്കുന്നു. ഇതിലൂടെ ലോകത്തെ അപകടകരമായ ഒന്നായി തോന്നിപ്പിക്കുമെന്ന് ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷനിലെ അഡ്വര്‍ടൈസിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ബ്രയാന്‍ മക്ലാഫ്ലിന്‍ പറയുന്നു.

വാര്‍ത്തകളോട് ആസക്തിയുള്ളവരില്‍ അവയോട് ആകര്‍ഷണം കൂടുകയും മറ്റുകാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് കുറയുകയും പഠനത്തിലും ജോലിയിലും ശ്രദ്ധ കുറയുകയും ചെയ്യുന്നു, 16.5ശതമാനം ആളുകളില്‍ അസ്വസ്ഥത,ഉറക്കക്കുറവ് എന്നിവ ബാധിച്ചുവെന്നാണ് സര്‍വേ ഫലം.