കൊല്ലം നിലമേലില്‍ ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക പീഡനമേറ്റിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്ന വിസ്മയയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കിരണ്‍ കുമാറിന്റെ വീട്ടില്‍ നില്‍ക്കാനാകില്ലെന്നും തനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നുമാണ് വിസ്മയ പറയുന്നത്.
കേസില്‍ നാളെ വിധിവരാനിരിക്കെയാണ് നിര്‍ണായക ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസ്മയയുടെ അച്ഛനും സഹോദരനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണ്‍ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളുമാണ് കേസിലെ പ്രധാന രേഖകള്‍. കിരണ്‍ കുമാര്‍ മാത്രമാണ് കേസിലെ പ്രതി.
ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന് തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.