മോശം ഫോമിലുള്ള വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശക്തനായി തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീന്. കോലിയുടെ ബാറ്റിംഗ് ടെക്നിക്കില്‍ പ്രശ്നങ്ങളൊന്നുമില്ല. വലിയൊരു സ്കോര്‍ നേടിയാല്‍ വീണ്ടും പഴയ കോലിയെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ധസെഞ്ചുറി നേടിയാലും കോലി പരാജയപ്പെട്ടുവെന്നാണ് ആളുകള്‍ പറയുന്നത്. ഇത്തരം അവസ്ഥകളിലൂടെ പല ക്രിക്കറ്റര്‍മാരും കടന്നുപോയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഒരൊറ്റ സെഞ്ചുറി നേടിയാല്‍ മതി, കോലിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകും. കാരണം, കോലിയുടെ ബാറ്റിംഗ് ടെക്നിക്കില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. ചില സമയം ഭാഗ്യം കൂടെ കനിയണമെന്നു മാത്രം. ഇംഗ്ലണ്ടില്‍ വിരാടിന്റെ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നും മുഹമ്മദ് അസ്ഹറുദ്ദീന് പറഞ്ഞു.
2019നുശേഷം ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിലും തിളങ്ങാന്‍ കോലിക്കായിരുന്നില്ല. രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ കോലിക്ക് നേടാനായത്.