മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച് പ്രചവിച്ച് മുന്‍ പാക് താരം ഷൊഐബ് അക്തര്‍. ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോലി വിരമിച്ചേക്കാമെന്നാണ് അക്തര്‍ പറയുന്നത്. മറ്റ് ഫോര്‍മാറ്റുകളില്‍ കൂടുതല്‍ കാലം കളിക്കാന്‍ വേണ്ടിയാണിതെന്നും അക്തര്‍ പറയുന്നു.
കോലിയുടെ വിരമിക്കലിനെ കുറിച്ച് പാക് മുന്‍ നായകന് ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. ഇതില്‍ അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അമിത് മിശ്ര രംഗത്തെത്തിയതും ശ്രദ്ധേയമായി. ചിലര്‍ ഒരിക്കലെ വിരമിക്കൂ എന്നായിരുന്നു പലകുറി കരിയര്‍ മതിയാക്കിയിട്ടുള്ള അഫ്രീദിയെ ചൂണ്ടി മിശ്രയുടെ വാക്കുകള്‍.
ഏഷ്യാ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി കോലി നേടിയിരുന്നു. അതിനാല്‍ തന്നെ ലോകകപ്പിലെ കോലിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിനിടെയാണ് ഷൊഐബ് അക്തറുടെ പ്രവചനം.