ചില ആളുകൾക്ക് ക്യാമറ ഉപയോഗിച്ച് അതിമനോഹരമായി കഥ പറയാൻ സാധിക്കും. അത്തരത്തിൽ അതി വൈകാരികത നിറഞ്ഞ ചില ജീവിത സന്ദർഭങ്ങൾ ഒപ്പിയെടുത്ത ക്യാമറ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. അരുൺ രാജ് ആർ നായർ ആണ് ജീവിതഗന്ധിയായ ഈ ചിത്രങ്ങൾ പകർത്തിയത്. അമ്മ, ജീവനായി കരുതി ഏൽപ്പിച്ച കുഞ്ഞുപെങ്ങളുടെ ജീവിതത്തിൽ പ്രണയം കടന്നുവരുന്നതാണ് ഫോട്ടോഷൂട്ടിലേ പ്രമേയം.
അനിയത്തിയോടുള്ള അമിതമായ വാത്സല്യം കൊണ്ട്, അവൾ കണ്ടെത്തിയ പ്രണയം സഹോദരന് എന്നും ഭയമായിരുന്നു. പെങ്ങൾ പ്രണയത്തിൽ അകപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം അയാൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണ്. ഒടുവിൽ എല്ലാ എതിർപ്പുകളും മറികടന്ന് പ്രണയം സ്വീകരിക്കാൻ വേണ്ടി പോയ പെൺകുട്ടിയെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. കാമുകൻറെ ജീവനില്ലാത്ത ശരീരമാണ് പെൺകുട്ടിക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ഈ പിക്ചർ സീരീസിൽ പറയുന്നത്.
40ന് മുകളിൽ ചിത്രങ്ങളാണ് ഈ സീരീസിൽ ഉള്ളത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവർ അവതരിപ്പിക്കുവാൻ തിരഞ്ഞെടുത്തത് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. പെൺകുട്ടികൾ നിർബന്ധമായും ഇത് കണ്ടിരിക്കണം എന്നാണ് ഓൺലൈൻ ആങ്ങളമാർ അഭിപ്രായപ്പെടുന്നത്. ആങ്ങളമാർ അനിയത്തിമാർക്ക് കൊടുക്കുന്ന കെയറിങ് പലപ്പോഴും കാണാതെ പോകുന്നു. അത് മനസ്സിലാകാതെ പല ചതിക്കുഴികളിലും അവർ ചെന്നു പെടുന്നു. അത്തരത്തിലുള്ളവർക്ക് ഒരു മുൻകരുതൽ കൂടിയാണ് ഈ ഫോട്ടോ ഷൂട്ട് എന്നും സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.
ബിപിൻ, രാഹുൽ രവീന്ദ്രൻ, ശ്രുതി, ഷൈന വിഷ്ണു, ജോമോൻ എന്നിവർ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ ഈ ഫോട്ടോ സീരീസ് ഷെയർ ചെയ്തു കഴിഞ്ഞു. എന്നാൽ ചില ആളുകൾ ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്തുകൊണ്ട് പെങ്ങളെ ജീവനെപ്പോലെ സ്നേഹിച്ച ചേട്ടനോട് അവൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞില്ല എന്നാണ് അവർ ചോദിക്കുന്നത്. പെങ്ങളെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും അവളെ അടിക്കാനുള്ള അധികാരം ചേട്ടനെ ആരാണ് കല്പിച്ചു നൽകിയത് എന്നും സമൂഹമാധ്യമങ്ങൾ ചോദിക്കുന്നു.