നടൻ സുധി കോപ്പയെ മലയാളികൾക്ക് സുപരിചിതമാണ്,സുധി കോപ്പയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സനല്‍ കുമാര്‍ പദ്മനാഭന് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വലിയ സ്റ്റാര്‍ വാല്യൂ ഒന്നുമില്ലെങ്കിലും, ഇതെല്ലമുള്ളവരുടെ കൂടെ സ്ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരുമ്പോഴേല്ലാം അഭിനയം കൊണ്ടു അവരോടു കട്ടക്ക് മുട്ടി നിക്കുന്നൊരു കൊച്ചിക്കാരനെ കുറിച്ച് പറയാം. മരണപെട്ട തന്റെ ഭാര്യയെ നോക്കി കരഞ്ഞു കൊണ്ട്, അവളുടെ ജീവനില്ലാത്ത ശരീരം കാണുവാന്‍ വന്ന അച്ഛനോട് ‘ കൊല്ലാന്‍ വേണ്ടി കൊണ്ട് വന്നതല്ല അച്ഛാ പ്രാണനായി സ്നേഹിക്കാന്‍ കൊണ്ട് വന്നതാണ് ! പക്ഷെ കൈ വിട്ടു പോയി അച്ഛാ എന്നും പറഞ്ഞു ചങ്കു പൊട്ടി കരഞ്ഞു കൊണ്ട് ( പൈപ്പിന് ചുവട്ടിലെ പ്രണയം ) നിന്നതിനു ശേഷം , നേരെ പോയി ഷാജി പാപ്പാനും , ഡൂഡിനും , സര്ബത്തിനും ഇടയില്‍ പാറി പറക്കുന്ന കഞ്ചാവ് സോമന് ആയി വേഷമിട്ടും.
സൈബര്‍ സെല്ലില്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ വേണ്ടി ദിവസം മുഴുവന്‍ അലഞ്ഞ ശേഷം പോലീസ് യൂണിഫോം ഊരി മാറ്റി ( ജോസഫ് ) മീശ ഒന്ന് ഷേവ് ചെയ്തിട്ട് , തന്റെ ചേട്ടന് ജോസ് മരണപെടുമ്പോള്‍ അയാളുടെ ബോഡിയുടെ മുന്നില്‍ നിന്നും ശവതാളത്തില്‍ ഡിസ്കോ കളിക്കുന്ന ബാബുവായി ഞൊടിയിട കൊണ്ടു മാറിയും ( പൊറിഞ്ചു മറിയം ജോസ്). പച്ച പാന്റും ചുവന്ന ബനിയനും വെള്ള ബെല്‍റ്റും ഇട്ടു കൊണ്ട് തന്റെ ആശാന് മാര്‍ട്ടി ക്കു വന്ന സോളാര്‍ പെട്ടി കൊണ്ട് കൊടുക്കുവാന്‍ വേണ്ടി ഓടുന്ന ഗീ വര്‍ഗീസിനെയും ( സപ്തമ ശ്രീ തസ്കരാ )ഇത് മുട്ടയിടുന്ന കോഴിയാണോ ! കുറച്ചു വെള്ളം ഇങ്ങെടുത്തെ ! ദാഹിച്ചിട്ട എന്നും പറഞ്ഞു കൂട്ടുകാരന് സോളമന്റെ പെങ്ങളെ വളക്കാന്‍ നടക്കുന്ന സെബാസ്റ്റ്യനെയും ( ആമേന്‍ ) കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പഴമൊഴി സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പോലീസ് ഓഫിസര്‍ സുധിയേയും… ( ഇല വീഴാ പൂഞ്ചിറ ).കാണികളുടെ മനസ്സില്‍ എന്നെന്നും ഓര്‍മിക്കത്തക്ക വിധത്തില്‍ അഭിനയിച്ചു ഫലിപ്പിച്ച അയാള്‍ക്ക് ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു ചെറു വേഷം കിട്ടുകയാണ്. അന്യന്റെ സ്വകാര്യതയിലേക്കു കടന്നു കയറി സായുജ്യം അടയുന്ന ഒരു ചൊറിയന്‍ വേഷം. കൂട്ടുകാരോടൊപ്പം വെള്ളമടിക്കുമ്പോള്‍ അവരെ താന്‍ രഹസ്യമായി ഷൂട്ട് ചെയ്ത വീഡിയോ കാണിച്ചു ഹരം കൊള്ളിച്ചും.