പുഷ്പ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയും?

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയും നിര്‍ണായക വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. വില്ലന്‍ വേഷത്തിലാകും വിജയ് സേതുപതി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിഎസ്പി ഗോവിന്ദപ്പയായാകും വിജയ് സേതുപതിയെത്തുക എന്നും വിവരമുണ്ട്.

പുഷ്പ ആദ്യ ഭാഗത്തിനായി അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് വിജയ് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദിലേക്ക് എത്തുകയായിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിക്കായി അണിയറപ്രവര്‍ത്തകര്‍ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

‘പുഷ്പ 2: ദി റൂള്‍’ എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. കെജിഎഫ് 2 വന്‍ തരംഗം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ തിരക്കഥയില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് പുനഃരാരംഭിച്ചതായാണ് വിവരം.

പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയില്‍ ഉള്‍പ്പെടെ വന്‍ വിജയമായിരുന്നു. ഹിന്ദിയില്‍ മാത്രം ചിത്രം 200 കോടിയാണ് കളക്ട് ചെയ്തത്. അല്ലുവിനും ഫഹദിനും പുറമേ രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം.