നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായി വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അവസാന ദിവസത്തെ ചോദ്യം ചെയ്യല്‍. 27 മുതലാണ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ ഇതിന് പിന്നാലെ വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. മനസില്‍ വിങ്ങി നിന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും ഈ നിമിഷം വരെ എന്നെ കഴിഞ്ഞ 70 ദിവസത്തോളം ജീവനോടെ കാത്ത ദൈവത്തിന് നന്ദിപറയുന്നു എന്നും വിജയ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു .
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ നടന്ന പരിമിതമായ കസ്റ്റോഡിയല്‍ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ഉടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്പൂര്‍ണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം പോലീസിന് മുന്‍പാകെ നല്‍കിയിട്ടുണ്ട്.
മനസില്‍ വിങ്ങി നിന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും ഈ നിമിഷം വരെ എന്നെ കഴിഞ്ഞ 70 ദിവസത്തോളം ജീവനോടെ കാത്ത ദൈവത്തിന് നന്ദിപറയുന്നു. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത് ഒരേയൊരു കാര്യമാണ്, നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാര്‍ദ്രമായ വാക്കുകളും എന്റെ ശ്വാസോച്ഛ്വാസം നിലനിര്‍ത്തി. എല്ലാത്തിനും ഒടുക്കംവില്, സത്യം നിലനില്ക്കും.
പ്രിയപ്പെട്ട മാധ്യമങ്ങളോട്, നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടികള്‍ ഉണ്ടായിട്ടും നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമചോദിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഒരുകാര്യവും എനിക്ക് കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും എനിക്ക് പറയാനാവില്ല. അതുവരേയ്ക്കും ഞാന്‍ നിര്‍മിച്ച സിനിമകള്‍ മാത്രമേ സംസാരിക്കൂ. ഞാന്‍ എന്റെ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ. തകര്‍ന്നുപോയ പുരുഷനെക്കാള്‍ ശക്തനായ ഒരാളുമില്ല് എന്നു പറയാറില്ലേ.. അവന് സ്വയം പുനര്‍ നിര്‍മിച്ചു കൊണ്ടേയിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് കുറിപ്പ്.