മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. വിജയ് നായകനായ ചിത്രം കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ പിന്നീട് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു.
പിന്നീടുള്ള ഏകദേശം അഞ്ച് മാസത്തോളം കാലയളവിൽ ലോകേഷ് നിരന്തരമായി മാസ്റ്റർ സിനിമയിൽ തന്നെ പ്രവർത്തിക്കുക ആയിരുന്നു. പല സീനുകളും വെട്ടിമാറ്റിയും വെട്ടിച്ചുരുക്കിയും ആണ് ലോകേഷ് തന്റെ ലോക്ക്ഡൗൺ ദിനങ്ങൾ തള്ളിനീക്കിയത്. ആദ്യം ചിത്രത്തിൽ ഇല്ലാതിരുന്ന പല സീനുകളും കൂട്ടിച്ചേർത്തു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ വികടൻ മാസിക പുറത്തുവിട്ട മാസ്റ്റർ സിനിമയെ സംബന്ധിച്ചുള്ള ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മാസ്റ്റർ സിനിമയുടെ പുതിയ വേർഷൻ വിജയ് കണ്ടു എന്നും താരം പൂർണ്ണ തൃപ്തിയാണ് അറിയിച്ചിരിക്കുന്നത് എന്നും മാസികയിൽ പബ്ലിഷ് ചെയ്തിരിക്കുന്ന ലേഖനത്തിൽ പറയുന്നു. മാസ്റ്റർ സിനിമ ഒരുക്കിയതിന് വിജയ് ലോകേഷിനെ പ്രശംസിച്ചു എന്നും അധികം വൈകാതെ തന്നെ ഇരുവരും വീണ്ടും പ്രവർത്തിക്കുമെന്നും വിജയ് ഉറപ്പുനൽകി.
വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.