റേഷന്‍കടയിലെത്തിയത് ബെന്‍സില്‍; കൊണ്ടുപോയത് ലോഡ് കണക്കിന് ചാക്കുകള്‍; വൈറലായി വിഡിയോ

മെഴ്സിഡസ് ബെന്‍സ് കാറില്‍ റേഷന്‍കടയിലെത്തി ലോഡ് കണക്കിന് റേഷന്‍ ചാക്കുകള്‍ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകുന്ന ആളുടെ വിഡിയോ വൈറല്‍. റേഷന്‍ കടയിലെ നീണ്ട ക്യൂവിനെ അവഗണിച്ചാണ് ഇയാള്‍ ബെന്‍സില്‍ എത്തി റേഷന്‍ വാങ്ങി പോകുന്നത്.

പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. പഞ്ചാബ് സംസ്ഥാനത്തിന്റെ നമ്പര്‍ പ്ലേറ്റുള്ള തന്റെ കാറിന്റെ ഡിക്കിയില്‍ ഒരാള്‍ റേഷന്‍ ചാക്കുകള്‍ കയറ്റുന്നത് കാണാം. റേഷന്‍ കടയ്ക്ക് മുന്‍പില്‍ നീണ്ട ക്യൂവിനെ വകവയ്ക്കാതെയാണ് ഇയാളുടെ വരവ്. ഇയാള്‍ എത്തിയ ഉടന്‍ തന്നെ റേഷന്‍ കടയിലെ ഒരു ജീവനക്കാരന്‍ കാറിലേക്ക് ചാക്കുകെട്ടുകള്‍ കയറ്റി കൊടുക്കുന്നു. ചുറ്റും നില്‍ക്കുന്ന ആരെയും വകവയ്ക്കാതെ അയാള്‍ അതുമായി തിരിച്ചു പോകുന്നതും വിഡിയോയിലുണ്ട്.

പഞ്ചാബ് ഗവണ്‍മെന്റിന്റെ അട ദാല്‍ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കുന്ന ഗോതമ്പ് ആണ് ചാക്ക് കെട്ടുകളായി അദ്ദേഹം കൊണ്ടുപോയത്. ഇത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇയാള്‍ രംഗത്തെത്തി. കാര്‍ തന്‍േതല്ല എന്നും ഇന്ത്യയില്‍ ഇല്ലാത്ത തന്റെ ബന്ധുക്കളില്‍ ഒരാളുടേതാണെന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു. ആ ബന്ധു ഇന്ത്യയില്‍ താമസിക്കുന്നില്ലാത്തതിനാല്‍ കാര്‍ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് ഇയാളുടെ വാദം.