ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്തകളെല്ലാം ശോകമാണ്. കുറേ കാലത്തിനു ശേഷമാണ് അവിടെനിന്നും രസകരമായ ഒരു വാർത്ത വരുന്നത്. ഡങ്കോർ ജില്ലയിലാണ് ഈ സംഭവം നടക്കുന്നത്. ആകാശത്തിലൂടെ പറന്നു നടക്കുന്ന ഒരു ജീവിയെ കണ്ടാണ് ഇവിടെ എല്ലാവരും പരിഭ്രാന്തരായത്. എന്തോ അന്യഗ്രഹജീവിയായാണ് ഇത് എന്ന് ആരോ പറഞ്ഞു പരത്തി. കാട്ടു തീ പോലെ ഈ പരിഭ്രാന്തി പടരുകയും ചെയ്തു. ഈ അപൂർവ്വ ജീവിയെ കാണുന്നതിനുവേണ്ടി സാമൂഹിക അകലം എല്ലാം മറന്നു കൊണ്ട് നാട്ടുകാർ ഒത്തുചേർന്നു.
ഒടുവിൽ ഡങ്കോർ പോലീസ് എത്തി കാര്യം തിരക്കി. അപ്പോഴേക്കും ഈ അന്യഗ്രഹജീവി താഴെയെത്തി ഒരു കനാലിൽ പതിച്ചിരുന്നു. പോലീസ് വന്ന് സാധനം പുറത്തെടുത്തപ്പോൾ ആണ് കാര്യം മനസ്സിലാക്കുന്നത്.
കാറ്റുനിറച്ച ഒരു ബലൂൺ ആയിരുന്നു അത്. ഹോളിവുഡ് സിനിമയിലെ കഥാപാത്രമായ അയേൺ മാന്റെ രൂപത്തിലുള്ള ഒരു ബലൂൺ ആയിരുന്നു അത്. ഹീലിയം നിറച്ചശേഷം ആരോ ആകാശത്തേക്ക് പറത്തി വിട്ടതാണ് ഇൗ ബലൂൺ. ഒരു മനുഷ്യൻറെ രൂപം ഉള്ളതുകൊണ്ടും വിചിത്രമായ നിറവും ആയതുകൊണ്ടും ആളുകൾക്കിടയിൽ പെട്ടെന്ന് തന്നെ പരിഭ്രാന്തി പടർത്തി എന്നതാണ് കാര്യം.
പോലീസ് വന്ന് ബലൂൺ പരിശോധിക്കുകയും, അസ്വാഭാവികമായി ഒന്നും തന്നെ അതിൽ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. സാധാരണ കാറ്റുനിറച്ച ബലൂൺ മാത്രമായിരുന്നു അത്. അനാവശ്യമായി നാട്ടുകാർ പരിഭ്രാന്തരായതാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവം കണ്ടതു കൊണ്ടുള്ള കൗതുകം കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോലീസ് കൂട്ടിച്ചേർത്തു. എന്തായാലും ഒരു അന്യഗ്രഹ ജീവിയെ കാണാൻ കഴിഞ്ഞ കുറച്ചുപേരെങ്കിലും ഇന്നലെ സന്തോഷത്തോടെ മടങ്ങി കാണും.