മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആശാ ശരത്ത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സീരിയലുകളിൽ ഒന്നാണ് കുങ്കുമപ്പൂവ്. അതുകൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ താരത്തിനെ നന്നായിട്ട് അറിയാം.
യുഎഇയിൽ സ്ഥിരതാമസമാക്കിയ താരമാണ് ആശാ ശരത്ത്. ഭർത്താവ് യുഎഇയിൽ എൻജിനീയറാണ്. രണ്ട് പെൺമക്കളാണ് താരത്തിന് ഉള്ളത്. ഉത്തരാ ശരത്ത്, കീർത്തന ശരത് എന്നിങ്ങനെയാണ് മക്കളുടെ പേര്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം സജീവമാണ്. ദൃശ്യം എന്ന ചിത്രത്തിലെ ഗീതാ പ്രഭാകർ ഐപിഎസ് എന്ന കഥാപാത്രമാണ് ആശാ ശരത്തിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ദൃശ്യം സിനിമയുടെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശാശരത് തന്നെയായിരുന്നു.
ഇപ്പോൾ ആശ ശരത്തിൻ്റെ മകൾ ഉത്തര സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉത്തര അരങ്ങേറുന്നത്. ഖേദ്ദ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കെഞ്ചിര എന്ന സിനിമയുടെ സംവിധായകനാണ് മനോജ് കാന. കഴിഞ്ഞ കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച സിനിമയ്ക്കുള്ള രണ്ടാമത്തെ അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് കെഞ്ചിര. ഇപ്പോൾ സിനിമ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരത്തിൻ്റെ മകൾ.
“സിനിമയിൽ അരങ്ങേറാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അമ്മയെ സ്ക്രീനിൽ കാണുമ്പോൾ എല്ലാം എനിക്ക് വലിയ ആഗ്രഹമായിരുന്നു സിനിമയിലഭിനയിക്കാൻ. എന്നാൽ അപ്പോഴെല്ലാം അമ്മ എതിർത്തു. പഠനം കഴിഞ്ഞിട്ടുമതി സിനിമയെല്ലാം എന്നായിരുന്നു അമ്മ എപ്പോഴും പറയാറുണ്ടായിരുന്നത്”- ഉത്തര ശരത്ത് ഒരു അഭിമുഖത്തിൽ പറയുന്നു.