
ദൈവത്തിന്റെ ചിത്രമടങ്ങിയ ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ് കോഴി ഇറച്ചി വില്പന നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപാരിയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.
യു.പിയിലെ സംബാലിലാണ് സംഭവമുണ്ടായത്. ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈസെതിരെയാണ് നടപടിയുണ്ടായത്. ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തില്‍ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് പൊലീസ് കടയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലീസിനെ ആക്രമിച്ചെന്ന കുറ്റവും താലിബിനെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് അറസ്റ്റിനെത്തിയപ്പോള്‍ കത്തി കാണിച്ച് ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.