പാമ്പ് കടിയേറ്റാല്‍ സാധാരണ എന്താണ് ചെയ്യുക. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടും, ജീവന് തിരിച്ചു കിട്ടുക എന്നതാണല്ലോ പ്രധാനം. എന്നാല്‍ ഇവിടെ ഒരാള്‍ കടിച്ച പാമ്പിനെ കൊന്ന് തിന്നു. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. നാല്‍പ്പത്തിയൊന്‍പതുകാരനായ മധബാദല് സിംഗാണ് പാമ്പിനോട് വ്യത്യസ്തമായ രീതിയില്‍ പകരം വീട്ടിയത്.
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ കമാസിന് ഏരിയാ പൊലീസ് സ്റ്റേഷന് സമീപമുള്ള സയോഹത് ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരം തന്റെ വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുകയായിരുന്നു മധബാദല് സിംഗ്. അപ്പോഴാണ് വഴിയില്‍ വച്ച് ഒരു വിഷപ്പാമ്പ് അയാളുടെ കൈയില്‍ കടിക്കുന്നത്. എന്നാല്‍ അയാള്‍ ഒച്ചവച്ച് ആളെ കൂട്ടുകയോ, കരഞ്ഞ് ബഹളം വയ്ക്കുകയോ ചെയ്തില്ല. പകരം ആ പാമ്പിനെ ചുറ്റിപ്പിടിച്ച് പല കഷണങ്ങളായി വെട്ടി നുറുക്കി അകത്താക്കുകയായിരുന്നു.
പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ തിരികെ വീട്ടിലെത്തി. എന്നാല്‍, വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. അവര്‍ അന്വേഷിച്ചപ്പോള്‍, അയാള്‍ സംഭവം മുഴുവന്‍ വീട്ടുകാരോട് വിവരിച്ചു. തുടര്‍ന്ന് അവര്‍ അയാളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയി. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഒരു രാത്രി ആശുപത്രിയില്‍ കിടന്ന അയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.