
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മനുഷ്യരേക്കാള്‍ മൂല്യം പശുവിനെന്ന് വീണ്ടും തെളിയിച്ച് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍. വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുകയേക്കാള്‍ കൂടുതല്‍ തുക അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് നല്‍കി യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ നടപടി.
അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകള്‍ക്ക് പശുവൊന്നിന് 1500 രൂപ വീതമാണ് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ മാസം നല്‍കുന്നത്. എന്നാല്‍ ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകള്‍ക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധര്‍ക്കും നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വെറും 1000 രൂപയാണ്.

അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകള്‍ക്ക് പശുവൊന്നിന് നേരത്തെ 900 രൂപയായിരുന്നു. ഈ നിരക്ക് പുതുക്കുകയായിരുന്നു.
ഇപ്പോള്‍ പ്രതിദിനം 50 രൂപ എന്ന നിരക്കില്‍ മാസം 1,500 ആക്കി വര്‍ധിപ്പിച്ചത്.
യുപിയില്‍ നിലവില്‍ കന്നുകാലി ഭക്ഷണത്തിനായി ഒരു വര്‍ഷം 2,500 കോടിയിലധികമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.യുപിയില്‍ പശുക്കളെയും കാളകളെയും എരുമകളെയും കശാപ്പ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
കര്‍ഷകര്‍ പ്രായമായ കന്നുകാലികളെ തെരുവിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഇവ കാരണം കൃഷി നാശവും അപകടങ്ങളും പതിവാണ്.