ന്യൂഡല്‍ഹി: ലോക കപ്പ് ദിനങ്ങള്‍ കേരളം ആഘോഷമാക്കിയിരുന്നു. മെസ്സി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകള്‍ കോഴിക്കോട്ടെ പുളളാവൂര് പുഴയില്‍ സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു.
കൂടാതെ അവരവരുടെ ടീമുകളെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് ഒട്ടേറെ കാണികളാണ് ഖത്തറില്‍ എത്തിയത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ വലിയ സ്ക്രീനുകളില്‍ കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേ അറ്റം വരെ പ്രദര്‍ശിപ്പിച്ചിരുന്നു.
ആയിരങ്ങളും പതിനായിരങ്ങളും കളികാണാന്‍ ഇവിടങ്ങളില്‍ തടിച്ചു കൂടിയിരുന്നു. അര്‍ജന്റീന കപ്പ് ഉയര്‍ത്തിയപ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ ഇത് ആഘോഷമാക്കിയിരുന്നു.
കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയെ അഭിനന്ദിച്ച അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് തന്നെ രംഗത്ത് വന്നിരുന്നു. ട്വീറ്റിലൂടെയായിരുന്നു കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയെ അഭിനന്ദിച്ചത്.
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) December 19, 2022
ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെയും പ്രത്യേകം പരാമശിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നന്ദി അറിയിച്ചിരുന്നു.
‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റ്.
ഈ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത കേരള ജനതയെ പേരെടുത്ത് അഭിനന്ദിച്ച അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് യു പി പൊലീസ് ഉദ്യോഗസ്ഥ. ഈ ട്വീറ്റില്‍ കേരളം എന്ന് പ്രത്യേകം നല്‍കിയിരിക്കുന്നത് മാറ്റണമെന്നാണ് ഡിഎസ്പി ആവശ്യപ്പെടുന്നത്.
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ ഇത് വായിക്കാനാകൂ എന്നുമാണ് ട്വിറ്റിലൂടെയുളള ഉത്തര്‍പ്രദേശ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ വിമര്‍ശനം. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ട്വീറ്റ് തിരുത്തണമെന്നും ഉദ്യോഗസ്ഥ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആവശ്യപ്പെട്ടു.
Coming from an official sports body in Argentina, this tweet is reckless, to say the least
Inserting #Kerala as separate entity, that too amongst a trio of nations which emerged bloodily out of British-ruled India, is bound to be read with distaste, by any self-respecting Indian
— Anjali Kataria, DSP 🇮🇳 (@AnjaliKataria19) December 19, 2022
‘അര്‍ജന്റീനയുടെ ഭാഗത്ത് നിന്നും വന്ന ട്വീറ്റ് അശ്രദ്ധമാണ്, രക്ത രൂക്ഷിതമായ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രൂപം കൊണ്ട മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിന് ഒരു പ്രത്യേക അസ്തിത്വം നല്‍കിയിരിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും നീരസത്തോടെ മാത്രമേ ഇത് വായിക്കാനാകൂ’. എന്നാണ് ട്വീറ്റിലെ പരാമര്‍ശം.
ഉദ്യോഗസ്ഥയുടെ ട്വീറ്റിനെതിരെ നിരവധി പേര് വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ ട്രോളി കൊല്ലുകയാണ് ഇവരെ. പലരീതിയിലുള്ള ചൊറിച്ചില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.