ജനവാസമില്ലാത്ത രണ്ട് വനമേഖലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പാലം നിർമ്മിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് വനംവകുപ്പ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന തരത്തിലുള്ള കമൻറുകൾ ആയിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കാരണം അറിഞ്ഞപ്പോൾ എല്ലാവരും കയ്യടിക്കുകയാണ് ഇപ്പോൾ. ഇഴജന്തുക്കൾക്കും മറ്റു ചെറിയ ജീവികൾക്കും മൃഗങ്ങൾക്കും റോഡ് മുറിച്ചു കടക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പാലം നിർമ്മിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് ലൊക്കേഷനുകളിൽ ഒന്നാണ് നൈനിത്താൾ. ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും ഇങ്ങോട്ടേക്ക് റോഡുമാർഗം എത്തുന്നത്. ഒരു വലിയ കാട് മുറിച്ച് കടന്നുവേണം ഇവർക്ക് സ്ഥലത്തെത്താൻ. കാട്ടിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ധാരാളം ചെറുജീവികൾക്കും മൃഗങ്ങൾക്കും വാഹനങ്ങൾ ഇടിച്ച് അപകടം പറ്റാറുണ്ട്. ഇത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ഉത്തരാഖണ്ഡ് വനംവകുപ്പ് എടുത്തിരിക്കുന്നത്.
27 മീറ്റർ നീളം ആണ് പാലത്തിന് ഉള്ളത്. പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് പാലം നിർമ്മിച്ചത്. മുളയാണ് പ്രധാനമായും പാലത്തിൻറെ നിർമ്മിതിക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു പാലം ആണെന്ന് തോന്നിക്കാതിരിക്കാനും, മൃഗങ്ങളെയും ചെറുജീവികളെയും ആകർഷിക്കുന്നതിന് വേണ്ടിയും പാലത്തിനു മുകളിൽ പുല്ലും ചെടികളും വളർത്തുകയാണ് സർക്കാർ ഇപ്പൊൾ.
ഇത് ഒരു വലിയ കാടാണ്. ധാരാളം ജീവികൾ ഇവിടെയുണ്ട്. ആനകൾ, പുലികൾ, മാനുകൾ, കാട്ടുപോത്തുകൾ ഇവയെല്ലാം ദൂരത്തുനിന്നു തന്നെ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഇവർക്ക് അപകടം പറ്റാനുള്ള സാധ്യതകൾ വളരെ കുറവാണ്. പക്ഷേ ധാരാളം ചെറുജീവികൾ സ്ഥിരമായി അപകടത്തിൽ പെടാറുണ്ട്. പാമ്പുകൾ, ഓന്ത്, അണ്ണാൻ എന്നിവയെല്ലാം സ്ഥിരമായി അപകടത്തിൽ പെടുന്നവരാണ്. ഇവർക്ക് ഈ പാലം വലിയ തരത്തിലുള്ള സഹായം ചെയ്യും എന്നാണ് അധികൃതർ കരുതുന്നത്.