എകെജി സെന്റര്‍ ആക്രമണത്തില്‍ യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ജിതിന് സ്കൂട്ടര്‍ എത്തിച്ചു നല്‍കിയത് ഈ വനിതാ നേതാവാണെന്നാണ് നിഗമനം.
ജിതിന് ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ചത് ഒരു യുവതിയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂട്ടര്‍ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറില്‍ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്കൂട്ടര്‍ കൈമാറി. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടര്‍ ജിതിന് യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്കൂട്ടര്‍ തിരികെ ഓടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം അറിയിച്ചത്.
വ്യാഴാഴ്ചയാണ് ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കം നിരവധി കേസുകള്‍ ജിതിന്റെ പേരിലുണ്ട്. 2016, 2019 വര്‍ഷങ്ങളില്‍ എസ്എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ആദര്‍ശിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലും 2016ല്‍ ഡിവൈഎഫ്ഐ കൊലത്തുകര യൂണിറ്റ് പ്രസിഡന്റ് ആര് ബി ഷായെ ആക്രമിച്ചതിനും ജിതിനെതിരെ കേസുണ്ട്. 2017ല്‍ കഞ്ചാവ് കേസിലും ജിതിനെ അറസ്റ്റ് ചെയ്തിരുന്നു.