
ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.
ഇരുവരുടെയും സുഹൃത്ത് ആദം ഹാരിയാണ് കുഞ്ഞു ജനിച്ച വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ആദം അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.
കുഞ്ഞ് വേണം എന്ന ആഗ്രഹത്തെ തുടർന്ന് ദത്ത് എടുക്കാനുള്ള വഴി ആലോചിച്ചിരുന്നു സിയയും സഹധും. എന്നാൽ അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി.
പിന്നീടാണ് സഹദ് ഗർഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്.കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്.
സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല.മാറിടം മാറ്റിയതിനാൽ കുഞ്ഞിന് മുല നൽകാൻ കഴിയില്ല.
കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.