അഭിനേതാക്കള്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കടന്നു വന്ന് കൊണ്ടിരിക്കുന്ന സമയമാണ്. രണ്ട് ചിത്രങ്ങളിലൂടെ പൃഥിരാജ് തന്റെ സംവിധാന മികവ് തെളിയിച്ചു കഴിഞ്ഞു. ലൂസിഫറും ബ്രോ ഡാഡിയും വന്‍ വിജയമായിരുന്നു.
എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് പൃഥിരാജ്. ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനാകാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. സിനിമ റിലീസിന് കാത്തിരിക്കുകയാണ്. രമേശ് പിഷാരടി, വിനീത് കുമാര്‍, വിനീത് ശ്രിനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഭീമന്‍ രഘു തുടങ്ങി നിരവധി താരങ്ങള്‍ തന്റെ സംവിധാന മികവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിത തന്റെ സംവിധാനം എന്ന ആഗ്രഹങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ടോവിനോ തോമസ്. എനിക്ക് എന്നോടുതന്നെ ഒരു വിശ്വാസം തോന്നിയാല്‍ ഒരു സംവിധാന സംരംഭം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ തല്ക്കാലം സംവിധാന രംഗത്തേക്കില്ലെന്നും ടൊവിനോ പറഞ്ഞു.
മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വാക്കുകള്‍.
തല്‍ക്കാലം സംവിധാന രംഗത്തേക്കില്ല.’തല്‍ക്കാലം അതൊരു മോഹമായി തന്നെ കിടക്കട്ടെ. അതിനുള്ള പക്വതയോ സിനിമാ പരിജ്ഞാനമോ എനിക്കായെന്ന് വിശ്വസിക്കുന്നില്ല. അഭിനയം ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ സിനിമയില്‍ പഠിക്കാന്‍ ഓരോ മേഖലയിലും ഒരായിരം കാര്യങ്ങളുണ്ട്.
അതെല്ലാം പഠിക്കാന്‍ സാധിച്ചാല്‍ എനിക്ക് എന്നോടുതന്നെ ഒരു വിശ്വാസം തോന്നിയാല്‍ ഒരു സംവിധാന സംരംഭം പ്രതീക്ഷിക്കാവുന്നതാണ്- ടോവിനോ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. അപ്പോള്‍ ഉടനെ തന്നെ ടോവിനോയെ കൂടി സംവിധായക കുപ്പായത്തില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.