മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ടൊവിനോ തോമസ്. കേരളത്തിന് പുറത്തും അകത്തുമായി നിരവധി ആരാധകർ താരത്തിനുണ്ട്.ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപ് ചെറിയ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന ടൊവിനോയുടെ മലയാളത്തിലെ മുൻനിര നടനിലേക്കുള്ള വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്.ഇപ്പോഴിതാ 2018 സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് തന്റെ കണ്ണു നിറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. പ്രളയ സമയത്തെ വിവാദങ്ങൾ കാരണമാകും അതുകൂടി ചേർത്ത് ആളുകൾ സ്നേഹം നൽകിയതെന്നും ടൊവിനോ തോമസ് പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ പറയുന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്.
‘2018 ഇറങ്ങുന്ന ദിവസം ഞാൻ കുടുംബത്തോടൊപ്പം വിദേശത്ത് ടൂർ പോയിരിക്കുകയായിരുന്നു. റിലീസ് ദിവസം ഞാൻ ഫോണിൽ നിന്നും മാറിയിട്ടില്ല, കാരണം എന്നെ പറ്റി ആളുകൾ നല്ലത് പറയുകയാണ്. കുറേക്കാലമായി ആളുകൾ അങ്ങനെ നല്ലത് പറഞ്ഞിട്ട് ഒരു വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ആളുകൾ നമ്മളെ പറ്റി പറയുന്നത് കേൾക്കാൻ ഇഷ്ടമുണ്ട്. ഐക്യകണ്ഠേന എന്നെ പറ്റി നല്ലത് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ 2015ൽ എന്ന് നിന്റെ മൊയ്തീൻ ഇറങ്ങിയപ്പോഴായിരിക്കും,’അതിന് ശേഷം ഞാൻ ക്രേവ് ചെയ്തിട്ടുള്ള സാധനമുണ്ട്. അത് കിട്ടിയത് 2018 വന്നപ്പോഴാണ് 2018 പ്രളയത്തിന് ശേഷം എനിക്ക് വിഷമമുണ്ടായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിന്റെ പരാതിയോ പരിഭവമോ ഞാൻ ആരോടും പറയാൻ നിൽക്കാറില്ല. പക്ഷേ എന്റെ ഉള്ളിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു. 2018 സിനിമ ഇറങ്ങിയപ്പോഴേക്കും അന്ന് കിട്ടുമായിരുന്ന സ്നേഹത്തെക്കാൾ കൂടുതൽ എനിക്ക് കിട്ടി,
‘അന്ന് അങ്ങനെ വിവാദങ്ങളൊക്കെ ഉണ്ടായതുകൊണ്ടാവും അതും കൂടി ചേർത്ത് എനിക്ക് സ്നേഹവും സക്സസും കിട്ടിയത്. 2018ന് ഒരു ഇന്റർനാഷണൽ അവാർഡ് വരെ കിട്ടി. ഇത് കാവ്യ നീതിയാണ്, തളർത്തുന്നത് വളർത്താനാടാ എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. സന്തോഷം വരുമ്പോൾ കരച്ചിൽ വരുമെന്ന് പറയില്ലേ. അതുണ്ടായിട്ടുണ്ട്. വീട്ടുകാരിരിക്കുമ്പോൾ അവരുടെ അടുത്ത് നിന്നും മാറി ഫോണിലെ കമന്റ്സൊക്കെ നോക്കി ഞാൻ കണ്ണ് തുടച്ചിരുന്നിട്ടുണ്ട്,”ഭയങ്കര സന്തോഷമായിരുന്നു അതൊക്കെ കാണുമ്പോൾ. സിനിമയിൽ ഞാൻ മരിക്കുകയാണ്. ശരിക്കുമുള്ള പ്രളയത്തിൽ മരിച്ചുപോയാൽ മതിയെന്ന് തോന്നി. അത്രയും സ്നേഹം കിട്ടി. ജീവനോടെ ഇരുന്നതുകൊണ്ടാണോ വിവാദങ്ങൾ ഉണ്ടായതെന്ന് തോന്നി,’ ടൊവിനോ തോമസ് പറഞ്ഞു.