പൊരുതി നേടിയ വിജയം; ജസീല ഇന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നു സൈനിക പെണ്‍കുട്ടി

ചില ആളുകളുടെ ജീവിത കഥ പലര്‍ക്കും പ്രചോദനം ആവാറുണ്ട് . ഒന്നും അല്ലാത്തിടത്ത് നിന്നും ജീവിതത്തില്‍ എല്ലാം നേടി വിജയം കൈവരിച്ച നിരവധി പേര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിലുള്ള ഒട്ടനവധി സ്റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ പൊരുതി ജീവിച്ച ഒരു കുടുംബത്തിന്റെയും ഇവിടെ ഈ കുടുംബത്തിനും നാട്ടുക്കാര്‍ക്കും അഭിമാനമായ ഒരു പെണ്‍കുട്ടിയുടെയും കഥയാണ് പറയുന്നത്.

കാസര്‍കോട് നീലേശ്വരക്കാരിയായ ടി ജസീലയുടെ ഈ വിജയം മറ്റുള്ളവര്‍ അറിയേണ്ടത് തന്നെ. ജസീലയുടെ ഉമ്മ മറിയം ഒറ്റയ്ക്കു പൊരുതിയാണ് മകളെ പഠിപ്പിച്ചത്. അതില്‍ ഇന്ന് ഈ ഉമ്മക്ക് ഒരുപാട് അഭിമാനം തോന്നുന്നു. ഇന്ന് ജസീല രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാസര്‍കോടുകാരിയായ ആദ്യ സൈനിക പെണ്‍കുട്ടിയാണ്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 3 വര്‍ഷമായി അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അംഗമാണു നീലേശ്വരം ചായ്യോത്തെ ടി.ജസീല.

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലും തളരാതെ മറിയം കരകയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ആ ലക്ഷ്യ സ്ഥാനത്ത് എത്തിയതിന്റെ സന്തോഷം മറിയത്തിന്റെ മുഖത്ത് കാണാന്‍ കഴിയും. മലപ്പുറം വളാഞ്ചേരിയില്‍ നിന്നു മരം വ്യാപാരിയായ ഭര്‍ത്താവിനോടൊപ്പം 30 വര്‍ഷം മുന്‍പു കാലിച്ചാനടുക്കം വളാപ്പാടിയില്‍ സ്ഥലം വാങ്ങി വീടു വച്ചു താമസം തുടങ്ങിയതാണു മറിയം. ഇതിനിടെയാണ് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. ഇതോടെ മറിയവും രണ്ട് മക്കളായ സബീനയും ജസീലയും മാത്രമായി. എന്നാല്‍ തന്നെ കൊണ്ട് കഴിയാവുന്ന ജോലികള്‍ ചെയ്ത് മറിയം മക്കളെ വളര്‍ത്തി.

ഇതിനിടെ മൂത്തമകളുടെ വിവാഹത്തിനായി വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു. ശേഷം രണ്ട്‌പേരും വാടക വീട്ടിലേക്ക് മാറി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ബിഎ സോഷ്യോളജിയില്‍ ആദ്യ ഒന്നര വര്‍ഷത്തിനു ശേഷം ജസീല പഠനം ഉപേക്ഷിച്ചു സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിക്കു കയറി. തയ്യല്‍ക്കട, കംപ്യൂട്ടര്‍ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലായിരുന്നു ജോലി. ഇതിനിടെ റോസമ്മ ടീച്ചറും മകന്‍ വില്ലേജ് ഓഫിസര്‍ അനില്‍ വര്‍ഗീസും ഇടപെട്ടു മിച്ചഭൂമിക്കു അപേക്ഷ നല്‍കാന്‍ ഉപദേശിച്ചു. ഇങ്ങനെ കിട്ടിയ ഭൂമിയില്‍ വീടു വയ്ക്കാന്‍ അനില്‍ വര്‍ഗീസും കുടുംബവും നാട്ടുകാരും ഒപ്പം നിന്നു.

പിന്നീട് തന്റെ അടുത്ത സുഹൃത്ത് ശ്രുതി ജയന്‍ 2015ല്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയാണു ജസീലയെ ബിഎസ്എഫിലെത്തിച്ചത്. പിന്നീട് ആ ലക്ഷ്യത്തോടെ തന്നെ ജസീല മുന്നോട്ട് നടന്നു. ഒടുവില്‍ എഴുത്തു പരീക്ഷയില്‍ 6ാം റാങ്ക് ജസീലക്ക് ലഭിച്ചു. പരിശീലനം കഴിഞ്ഞു പഞ്ചാബിലായിരുന്നു പാസിങ് ഔട്ട് പരേഡ്.

2017ല്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലാണു ജസീലയ്ക്ക് ആദ്യ സൈനിക നിയമനം കിട്ടിയത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതിനിടെ ഇന്ത്യയുടെ കമ്പിവേലിക്കിടയിലൂടെ ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാന്‍ ശ്രമിച്ച സ്ത്രീയെ ആദ്യ മാസത്തില്‍ തന്നെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയതിനു നേടിയ റിവാര്‍ഡ് കന്നിക്കാരിക്കുള്ള അംഗീകാരമായി. ഇനി ജസീലയുടെ അടുത്ത ലക്ഷ്യം, കമാന്‍ഡോ ആവുക എന്നതാണ്. മകളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം തന്നെയുണ്ട് ഉമ്മ മറിയവും.