2019 അവസാനമാണ് ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലായിരുന്നു കൊറോണയുടെ ഉത്ഭവം. കൊറോണ പടര്‍ന്നുപിടിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ലോകത്ത് എല്ലായിടത്തും തന്നെ കൊറോണയുടെ സാന്നിധ്യമെത്തി. എന്നാല്‍ കൊറോണ എത്തി നോക്കാത്ത ഒരു ദ്വീപുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയില്‍ നിന്നും 9881 കിലോമീറ്റര്‍ അകലെയുള്ള ട്രിസ്റ്റന്‍ ഡ കുന്‍ഹ എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപിലാണ് ഇതുവരെയും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തത്.
ഈ ദ്വീപില്‍ ആകെ ജനസംഖ്യ 250 ല്‍ താഴെ മാത്രമാണ്. ലോകമാകെ കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിലും സമ്മര്‍ദ്ദങ്ങളിലും വീര്‍പ്പുമുട്ടിയപ്പോള്‍ ഇവിടെ യാതൊരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസും പുതുവത്സരവും അവര്‍ നിയന്ത്രണങ്ങളേതും ഇല്ലാതെ തന്നെ ആഘോഷിച്ചു എന്നും ദ്വീപിലെ നിവാസികള്‍ തന്നെ പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ്പില്‍ നിന്നും ഒരാഴ്ച യാത്ര ചെയ്താലാണ് ദ്വീപിലെത്തിച്ചേരാനാവുക. വളരെ വളരെ അപൂര്‍വമായിട്ടാണ് ആരെങ്കിലും ഈ ദ്വീപില്‍ എത്തിച്ചേരുന്നത് തന്നെ. ഇത്രയും നീണ്ട യാത്രയായതുകൊണ്ട് ഗവേഷകരോ മത്സ്യത്തൊഴിലാളികളോ പോലും ദ്വീപിലേക്ക് അധികം എത്തിയിരുന്നില്ല. മാത്രവുമല്ല, ലോകമാകെയും കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഏതെങ്കിലും കപ്പലിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് ഉണ്ട് എന്ന് സംശയം തോന്നിയാല്‍ പോലും ആ കപ്പല്‍ ദ്വീപിലടുപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല ദ്വീപ് നിവാസികള്‍.
ദ്വീപില്‍ ആരോഗ്യസംവിധാനങ്ങള്‍ വളരെ പരിമിതമാണ് എന്നത് കൊവിഡിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇവിടെ ഏറെപ്പേരും പ്രായമായവരാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ തന്നെയും ഐസിയു സൗകര്യമോ വെന്റിലേറ്ററോ ഇവിടെ ലഭ്യമല്ല. അഞ്ച് കുടുംബങ്ങളിലായി 218 പേരും അതിന് പുറമേ ഡോക്ടര്‍മാരും നഴ്സുമടക്കം ആരേ?ഗ്യപ്രവര്ത്തകരുമാണ് ഇവിടെ ഉള്ളത്.