സേവാഭാരതി തീവ്രവാദ സംഘടനയല്ലല്ലോ?; രാഷ്ട്രീയം പറയാന്‍ സിനിമ ചെയ്യേണ്ടതില്ലെന്ന് ഉണ്ണിമുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് മേപ്പടിയാന്‍. ചിത്രം നിര്‍മിച്ചതും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചു കടത്താന്‍ മേപ്പടിയാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് പല തവണ ഉപയോഗിച്ചതും വിമര്‍ശനത്തിനിടയായിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് ഉണ്ണിമുകുന്ദന്‍.

സേവാഭാരതിയുടെ ആംബുലന്‍സ് മേപ്പടിയാന്‍ സിനിമയില്‍ വന്നു പോകുക മാത്രമാണ് ചെയ്തതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സേവാഭാരതി എന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിന്നാല്‍ ഒരു നാല് തവണ.ങ്കെിലും സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയില്‍ പോയാല്‍ അതില്‍ എന്ത് പൊളിറ്റിക്‌സ് ആണുള്ളതെന്നും ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.

രാഷ്ട്രീയം പറയാന്‍ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേയെന്നും ഉണ്ണി മുകുന്ദന്‍ ചോദിച്ചു. രാഷ്ട്രീയം പറയുമ്പോള്‍ അതില്‍ ക്ലാരിറ്റി പ്രധാനമാണ്. മേപ്പടിയാന്‍ എന്ത് പൊളിറ്റിക്‌സാണ് പറയുന്നതെന്ന് സിനിമ കണ്ടവര്‍ക്കറിയാം. സിനിമയുടെ നല്ല വശങ്ങള്‍ ചര്‍ച്ചയാകുന്നതിന് പകരം മറ്റ് പലതുമാണ് ചര്‍ച്ചയായതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.