നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം. കൊല്ലം മാടനടയിലുള്ള കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടിനോട് അടുത്ത് തന്നെയുള്ള ഷെഡിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ഈ ഷെഡ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ചൊവ്വാഴ്ച ഈ വീട്ടിൽ ഒരു ബന്ധു എത്തിയിരുന്നു. അവരാണ് ഗ്രിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികൾ അടക്കം പരിശോധിക്കും.