മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി പല്ലവി. പ്രേമം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലർ മിസ്സ് എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് കലി, അതിരൻ എന്നീ രണ്ട് സിനിമകളിൽ മാത്രമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വൈകാതെ തന്നെ തമിഴിലും തെലുങ്കിലും താരം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നായികമാരിൽ ഒരാളാണ് ഇവർ. ഇതുകൂടാതെ രാമായണ എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇവർ.
അതേസമയം ഇപ്പോൾ ഇവരുടെ പഴയ ഒരു അഭിമുഖമാണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വീണ്ടും കാരണമായി മാറിയിരിക്കുന്നത്. 2020 വർഷത്തിൽ ആയിരുന്നു ഇവർ വിരാടപറവം എന്ന സിനിമ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇവർ ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ ആയിരുന്നു ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ഇവർ ഒരു പരാമർശം നടത്തിയത്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഇവർ അന്നുതന്നെ നേരിട്ടിരുന്നു. ഇപ്പോൾ ഇതേ കാരണത്തിന് ഇവർ വീണ്ടും സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
പഴയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ജനങ്ങളെ ഭീകരാർ ആയിട്ടാണ് കാണുന്നത് എന്നും പാക്ക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നത് എന്നുമായിരുന്നു ഇവർ അഭിമുഖത്തിൽ പറഞ്ഞത്. ഒരുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ല എന്നും അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുകയില്ല എന്നുമായിരുന്നു ഇവർ പറഞ്ഞത്. നക്സൽറ്റുകളെ കുറിച്ചുള്ള ഒരു സിനിമയായിരുന്നു ഇത്. അതുകൊണ്ടുതന്നെ നക്സലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ ആയിരുന്നു താരം സൈന്യത്തെയും പരാമർശിച്ചുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത്. ഇത് വലിയ രീതിയിൽ വിവാദമായി മാറിയെങ്കിലും സായി പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്തവർ ആണ് വിമർശനവുമായി രംഗത്തെത്തുന്നത് എന്നായിരുന്നു മതേതര ജനാധിപത്യ വിശ്വാസികൾ പറഞ്ഞത്.
ഈ വിഷയത്തിൽ പിന്നീട് നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ ഒരു വിഭാഗത്തെയും ആക്ഷേപിക്കുവാൻ ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു ഇവർ പറഞ്ഞത്. അഭിമുഖത്തിലെ ഒരു ഭാഗം മാത്രമാണ് ചിലർ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് എന്നും അതിൽ വിഷമം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ദീപാവലി റിലീസായി എത്തുന്ന സിനിമയാണ് അമരൻ. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് ഇപ്പോൾ താരം. മേജർ മുകുന്ദ് വരദരാജൻ എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഈ സിനിമയിൽ ശിവകാർത്തികേയൻ്റെ നായികയായി എത്തുന്നത് സായി പല്ലവി ആണ് എന്ന പ്രത്യേകതയും ഉണ്ട്.