മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിത്തു ജോസഫ്. പലപ്പോഴും പല അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ഇദ്ദേഹത്തിന്റെ സിനിമയിൽ അവസരം നൽകിയതിന്റെ പേരിൽ ഇദ്ദേഹം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ആണ് തനിക്ക് ചെയ്യുവാൻ ഇഷ്ടമെന്നാണ് ജിത്തു ജോസഫ് ഇപ്പോൾ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.
എനിക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും അറിയില്ല. എന്നോട് ഒരാൾ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യുവാൻ തന്നെയാണ് നോക്കുക. അന്നൊക്കെ പറഞ്ഞിരുന്നത് ടെലിവിഷനിൽ നിന്നുമുള്ളവരെ സിനിമയിൽ എടുക്കരുത് എന്നാണ്. അവർ വന്നാൽ സിനിമ നന്നാവില്ല എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ ഞാൻ ആശാ ശരത്തിനെ കാസ്റ്റ് ചെയ്തു. അപ്പോഴും അതിനെ കുറ്റം പറഞ്ഞവർ ഉണ്ട് – ജിത്തു ജോസഫ് പറയുന്നു.
എൻറെ സിനിമയിലേക്ക് ആർട്ട് ഡയറക്ടറെ നോക്കിയപ്പോഴും ഒരുപാട് ആളുകൾ കുറ്റം പറഞ്ഞിരുന്നു. അയാൾ പ്രശ്നക്കാരൻ ആണ് എന്നൊക്കെയായിരുന്നു എൻറെ അടുത്തുവന്ന് കുറെ ആൾക്കുറ്റം പറഞ്ഞത്. ഞാൻ അവനെ തന്നെ വെക്കുകയായിരുന്നു. കാരണം അവർക്ക് എന്തെങ്കിലും ഒരു ക്വാളിറ്റി ഉണ്ടാവും എന്നെനിക്കറിയാം. എൻറെ സിനിമയിലേക്ക് ക്യാമറാമാൻ ആയി പ്രവർത്തിക്കുവാൻ സതീഷ് കുറുപ്പിനെ ഞാൻ വിളിച്ചു. അപ്പോഴും നിരവധി ആളുകൾ അതിനെ വിമർശിച്ചിരുന്നു. ഒട്ടും ഭാഗ്യമില്ലാത്ത വ്യക്തിയാണ് അയാൾ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഞാനും സതീഷും ആദി എന്ന സിനിമയുമായി മുന്നോട്ടു പോകുന്ന സമയത്ത് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. അതിനിടയിൽ ആഹാരം കഴിക്കുവാൻ വേണ്ടി നിർത്തിയപ്പോൾ എന്നോട് സതീഷ് ചോദിച്ചു എന്തുകൊണ്ടാണ് തന്നെ സിനിമയിൽ എടുത്തത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ ഒരു ഭാഗ്യമില്ലാത്ത ക്യാമറാമാൻ ആണ് എന്ന് ആളുകൾ പറഞ്ഞു എന്ന്. അപ്പോൾ ചേട്ടന് ആ കാര്യം അറിയാമായിരുന്നു അല്ലേ എന്നാണ് സതീഷ് തിരിച്ചു ചോദിച്ചത്. എന്നാൽ എനിക്കതിൽ വിശ്വാസമൊന്നുമില്ല എന്ന് ഞാൻ പറയുകയായിരുന്നു – ജിത്തു ജോസഫ് പറയുന്നു.
അതേസമയം നുണക്കുഴി എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയത്. ഇദ്ദേഹവും മോഹൻലാലുമായി ഒന്നിക്കുന്ന റാം എന്ന സിനിമ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞാൽ ഇദ്ദേഹം ദൃശ്യം എന്ന സിനിമയുടെ മൂന്നാം ഭാഗത്തിലേക്ക് കടക്കും എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും ഈ വിവരത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.