മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടോക്സിക്. മലയാളികൾ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഉള്ള സിനിമ പ്രേക്ഷകർ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇന്ത്യൻ സിനിമ പ്രേക്ഷകർ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുവാനുള്ള പ്രധാന കാരണം എന്താണെന്ന് വെച്ചാൽ കെജിഎഫ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട യാഷ് അടുത്തതായി അഭിനയിക്കുന്ന സിനിമയാണ് ഇത് എന്നതാണ്. അതേസമയം മലയാളികൾക്ക് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്.
മലയാളികളുടെ കണ്ണിലുണ്ണിയായ ഗീതു മോഹൻദാസ് ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. അവാർഡ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായിക ആണ് ഗീതു മോഹൻദാസ്. അതുപോലൊരു താരം എങ്ങനെയാണ് യാഷിനെ പോലെ ഒരു മാസ് ഓറയുള്ള നടനെ സംവിധാനം ചെയ്യുന്നത് എന്ന് അറിയുവാനുള്ള ആകാംക്ഷയിൽ കൂടിയാണ് മലയാളികൾ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
എന്നാൽ ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ വലിയ രീതിയിലുള്ള വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബാംഗ്ലൂരിലെ പീന്യയിൽ ഉള്ള എച്ച്എംടി കോമ്പൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ ഇവർ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി വെട്ടിമാറ്റി എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള സംരക്ഷണ വനം ഭൂമിയാണ് ഇത്. ഇവിടെ നിന്നുമാണ് നൂറിലേറെ മരങ്ങൾ വെട്ടി മാറ്റിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.
സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മന്ത്രി ഈശ്വർ ഖന്ദ്രേ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. വിലയിരുത്തൽ ഇദ്ദേഹം നടത്തിയിട്ടുണ്ട്. സിനിമയുടെ നിർമ്മാതാക്കളോട് ഇദ്ദേഹം അടിയന്തരമായി വിശദീകരണം തേടിയിട്ടും ഉണ്ട്. എന്നാൽ മരം വെട്ടിയിട്ടില്ല എന്ന വാദമാണ് ഇപ്പോൾ സിനിമ നിർമാണ കമ്പനി മുന്നോട്ടുവയ്ക്കുന്നത്. വനം വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും നിർമ്മാതാവ് പറയുന്നു.