മമ്മൂട്ടിയെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇദ്ദേഹത്തിൻറെ കുടുംബത്തെക്കുറിച്ച് എത്രപേർക്ക് അറിയാം? കുടുംബം എന്നു പറയുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെയും ദുൽഖറിനെയും അല്ല ഉദ്ദേശിക്കുന്നത്. ഇദ്ദേഹത്തിൻറെ പിതാവിനെയും കുടുംബത്തെയും എത്രപേർക്ക് അറിയാം? ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിലെ അതുല്യ കലാകാരന്മാരിൽ ഒരാളായിട്ടുള്ള ജനാർദ്ദനൻ.
ഇദ്ദേഹവും മമ്മൂട്ടിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മമ്മൂട്ടി സിനിമയിൽ എത്തുന്ന സമയത്ത് പരിചയമുണ്ടായിരുന്ന ഒരാൾ ജനാർദ്ദനൻ മാത്രമാണ് എന്ന് മമ്മൂട്ടി തന്നെ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എങ്ങനെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത് എന്നതിനെക്കുറിച്ച് ജനാർദ്ദനൻ. ഇതിനിടയിലാണ് മമ്മൂട്ടിയുടെ പിതാവിനെ കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നത്.
“മമ്മൂട്ടിയെ ഞാൻ പരിചയപ്പെടുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിൻറെ പിതാവിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു അത്. വൈക്കം ജംഗ്ഷൻ കഴിഞ്ഞാണ് ചെമ്പ് എന്ന സ്ഥലം വരുന്നത്. അവിടെ ഒരു ചായക്കടയുണ്ട്. നല്ല ചായ കിട്ടുന്ന സ്ഥലമാണ്. രാവിലെ ആറുമണിക്ക് ചായ കുടിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ എൻറെ അടുത്തുവന്നു നിന്നു. ഇതുപോലെ ഒന്നുമല്ല. ഇതിനേക്കാൾ 10,000 മടങ്ങ് സുന്ദരനായിരുന്നു ആ മനുഷ്യൻ. അങ്ങനെ ഞങ്ങൾ പരിചയപ്പെടുകയായിരുന്നു. സംസാരിക്കുകയും ചെയ്തു. എൻറെ മോൻ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് പിന്നീട് മമ്മൂട്ടിയുമായി പരിചയത്തിൽ ആവുന്നത്” – ജനാർദ്ദനൻ പറയുന്നു.
“ഞങ്ങൾ ഒരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവും ഉണ്ട്. സിനിമയിൽ വന്ന സമയത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് എനിക്ക് സിനിമയിൽ പരിചയക്കാരായി ഉണ്ടായിരുന്നുള്ളൂ. അന്ന് പരിചയക്കാരൻ എന്ന് പറയാൻ ജനാർദ്ദനം ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അദ്ദേഹവും പല ആളുകളോടും മമ്മൂട്ടി എൻറെ നാട്ടുകാരനാണ് എന്നൊക്കെ പറഞ്ഞിരുന്നു. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് വേറെ കിട്ടാനില്ലായിരുന്നു. വലിയൊരു ആത്മധൈര്യം തന്നെയായിരുന്നു അത്” – ഇതായിരുന്നു മമ്മൂട്ടി ജനാർദ്ദനനെ കുറിച്ച് പറഞ്ഞത്.