ഓട്ടോമാറ്റിക് കാറുകളേക്കാൾ കൂടുതൽ മുൻഗണന മാനുവൽ ഗിയർബോക്സുള്ള കാറുകൾക്ക് നൽകിയിരുന്ന കാലമൊക്കെ കഴിഞ്ഞു. അതായത് മാനുവൽ ട്രാൻസ്മിഷൻ മോഡലുകളുടെ ഉപയോഗം കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങളെല്ലാം സൂചന നൽകുന്നത്. ഒട്ടുമിക്കയാളുകൾക്കും വീടുകളിൽ ഒരു കാർ അല്ലെങ്കിൽ ഇരുചക്ര വാഹനമുണ്ടെന്നതു തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. നിരത്തുകളിൽ അതുനുമാത്രം തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്. മെട്രോ നഗരങ്ങളിൽ ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ ഓട്ടോമാറ്റിക് സംവിധാനം ഡ്രൈവർമാർക്ക് അനുഗ്രഹമായി മാറി.
എങ്കിലും ഇന്നും വിപണിയില്‍ മാനുവല്‍ കാറുകളാണ് അരങ്ങ് വാഴുന്നതെന്നും പറയാം. പൂർണമായും ആളുകൾ ഓട്ടോമാറ്റിക്കിലേക്ക് മാറാൻ ഇതുവരെ തുനിഞ്ഞിട്ടില്ലെന്നു വേണം പറയാൻ. ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നത് എന്തോ കുറച്ചിലാണെന്ന് കരുതുന്നവരാണ് ഇതിൽ ഏറെയും. എങ്കിലും ഒരു വശത്ത് ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം കൃമാതീതമായാണ് വര്‍ധിക്കുന്നത്. 2020-ലെ ഒരു പഠനമനുസരിച്ച് വിപണിയിലെ പുതിയ കാർ മോഡലുകളിൽ 15 ശതമാനത്തിൽ താഴെ മാത്രമാണ് മാനുവൽ ഗിയർബോക്സുള്ളത്. എന്നാൽ മാനുവൽ കാറുകൾ നിർജീവാവസ്ഥയിൽ നിന്ന് വളരെ അകലെയാണ്. കാരണം പല ഡൈ-ഹാർഡ് കാർ പ്രേമികളും ഇപ്പോഴും ഓട്ടോമേറ്റഡ് കാറുകളേക്കാൾ സ്റ്റിക്ക് ഷിഫ്റ്റുകളാണ് ഇഷ്ടപ്പെടുന്നത് എന്നു തന്നെ. ഡ്രൈവിംഗിൽ നിങ്ങൾക്ക് വാഹനത്തിന്റെ പൂർണ നിയന്ത്രണം വേണമെങ്കിൽ ഒരു മാനുവൽ കാർ തെരഞ്ഞെടുക്കുന്നതു തന്നെയായിരിക്കും ശരിയായ തീരുമാനം.എല്ലാ അനുബന്ധ ഘടകങ്ങളും പരിഗണിച്ച ശേഷം ഗിയർ എപ്പോൾ മാറ്റണമെന്ന് സ്വയം തീരുമാനിക്കാൻ ഇത് അനുവദിക്കുന്നു. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കമ്പ്യൂട്ടറിനെ ആശ്രയിക്കേണ്ടി വരില്ലെന്നത് വളരെ മേൻമയുള്ള കാര്യമാണ്.
ലളിതമായ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മാനുവല്‍ കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് ഏറെ കുറവാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകൾക്ക് പതിവായി ഫ്ലൂയിഡ് ചെയ്ഞ്ചും ഫിൽട്ടർ റീപ്ലേസ്മെന്റുമെല്ലാം ആവശ്യമായി വരും. ഒരു ഓയിൽ പമ്പ് പ്രവർത്തിപ്പിക്കുന്നതിനാലും ടോർക്ക് സ്ലിപ്പേജുള്ളതിനാലും ഓട്ടോമാറ്റിക് കാറുകളുടെ കാര്യത്തിൽ എഞ്ചിന് അതിന്റെ കരുത്തിൽ അൽപം കുറവുണ്ടാവും.
ഒരു മാനുവൽ ഗിയർബോക്സ് ഉള്ളപ്പോഴാണ് നിങ്ങൾക്ക് കാറുമായുള്ള ബന്ധം കൂടുതൽ അടുക്കുന്നതെന്നാണ് പറച്ചിൽ. ഗിയറുകൾ സ്വമേധയാ മാറ്റുക എന്നതിനർഥം ഒരു ഓട്ടോമാറ്റിക് വാഹനത്തിന് നൽകാൻ കഴിയാത്ത, വാഹനവുമായി വ്യക്തിപരമായതും ശക്തവുമായ ബന്ധം ഉണ്ടായിരിക്കുക എന്നാണ്. ഓട്ടോമാറ്റിക് കാറുകളിൽ ഇല്ലാത്ത ക്രാങ്ക്ഷാഫ്റ്റും ഡ്രൈവ്ഷാഫ്റ്റും തമ്മിലുള്ള നേരിട്ടുള്ളതും സ്ഥിരവുമായ ബന്ധം ഇത് ഉറപ്പാക്കുന്നു.