കഴിഞ്ഞ ആഴ്ച മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. പാർവതി, ഉർവശി എന്നിങ്ങനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ട് നടിമാർ പരസ്പരം മാറ്റുരയ്ക്കുന്നു എന്നതായിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ്. ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.
“പ്രധാനമായും സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു മുന്നോട്ടുപോകുന്ന ഒരു സിനിമ എന്ന് കേട്ടതുകൊണ്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ട് നടിമാരും മികച്ച അഭിനേത്രികൾ ആണ് എന്ന നിലയിൽ സ്നേഹാദരങ്ങളോടെ കാണുന്നവർ ആയതിനാലും റിലീസ് ചെയ്ത ദിവസം തന്നെ ഈ സിനിമ കാണുവാൻ പോയിരുന്നു. പ്രമേയപരമായ പുതുമ കൊണ്ടും കയ്യടക്കം കൊണ്ടും പരിചരണം കൊണ്ടും അഭിനന്ദനീയമാണ് ഈ സിനിമ. കുടുംബം എന്ന സ്ഥാപനത്തിന്റെയും അതിൻറെ അന്തസ്സ്, അഭിമാനം എന്നിങ്ങനെയുള്ള മിഥ്യാധാരണകളെയും പൊളിച്ചടുക്കുന്ന ഒരു സിനിമയായി മാറുന്നതിൽ ഉള്ളൊഴുക്ക് വിജയിച്ചിട്ടുണ്ട്. ഒരുപാട് നുണകൾ കൊണ്ടുണ്ടാക്കിയ കരിങ്കല്ല് ആണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അടിസ്ഥാനം എന്ന നെഞ്ചുപൊള്ളിക്കുന്ന കാര്യമാണ് ചിത്രം പറയുന്നത്” – ബിന്ദു പറയുന്നു.
“മറ്റുള്ള ആളുകളുടെ മുൻപിൽ കെട്ടുകാഴ്ചയ്ക്ക് വേണ്ടി വയ്ക്കുന്ന പണ്ടമായി ജീവിതം മാറുകയാണ് എന്ന് ഈ സിനിമ കൃത്യമായി പറയുന്നുണ്ട്. മിഥ്യാഭിമാനങ്ങളുടെ കുമിളകൾ തച്ചുടയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിക്കപ്പെട്ട ശരികളുടെ ഉള്ളഴുക്കുകൾ ആണ് വെളിപ്പെടുന്നത്. ഉൾക്കലങ്ങൾ പുതിയ പ്രയാണങ്ങൾക്ക് വേണ്ടിയുള്ള ഊർജ്ജം പകരുകയാണ് ചെയ്യേണ്ടത്. എന്നാൽ അവസാനഭാഗം വീണ്ടും സാമ്പ്രദായികതയുടെ പരിമിത ചുറ്റുപാടുകളിലേക്ക് തിരിച്ചുപോക്കായോ എന്ന സംശയം തോന്നുകയും ചെയ്തു. നൈസർഗികമായ അഭിനയ വൈഭവം കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ട് നടിമാർ മത്സരിച്ചു അഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണുക തന്നെ ചെയ്യണം. കാരണം ഈ ലോകം പെണ്ണുങ്ങളുടെ കൂടിയാണ്” – ഇതാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിന്റെ ഏകദേശം രൂപം.
അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആണ് മന്ത്രി ബിന്ദു കൈകാര്യം ചെയ്യുന്നത് എങ്കിലും ഇവരുടെ ഇംഗ്ലീഷ് പരിജ്ഞാനം വളരെ പുറകോട്ടാണ് എന്ന് വെളിവാക്കുന്ന ഇവരുടെ ഒരു അഭിമുഖം മുൻപ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിൽ ആയിരുന്നു ഇവർ സംസാരിച്ചത്. മുഴുവൻ സമയവും തപ്പി തടഞ്ഞു കൊണ്ടായിരുന്നു ഇവർ സംസാരിച്ചത് എന്ന് മാത്രമല്ല വലിയ രീതിയിൽ മലയാളം ചുവയുള്ള വർത്തമാനം ആയിരുന്നു ഇവർ പറഞ്ഞത്. ഇത് വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു.