കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് സിനിമ പ്രമോഷന് പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ യുവ നടിമാരെ കൂട്ടംകൂടി നിന്ന ആളുകളില്‍ നിന്ന് ഒരാള്‍ ആക്രമിച്ചത്. പിന്നാലെ തിരക്കിനിടെ നടി ഇയാളെ കയറി തല്ലിയത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എങ്കിലും ഈ വ്യക്തിയുടെ മുഖം വ്യക്തമായിട്ടില്ല. ഇതിന് പിന്നാലെ തനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു പ്രമോഷന് എത്തിയ മറ്റൊരു നടി കൂടി സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ സംഭവത്തില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കും എന്ന് കോഴിക്കോട് ഡിസിപി ഡോക്ടര്‍ എ ശ്രീനിവാസ് പറഞ്ഞു. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് സംഘം പരിശോധിച്ചു. ഫറൂഖ് എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി എന്നും ഡിസിപി അറിയിച്ചു.
നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.