ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് ഏതെന്ന് അറിയാമോ

ട്രെയിൻ യാത്രകൾ എപ്പോഴും വ്യത്യസ്‌തമായ അനുഭവമാണ് നൽകാറുള്ളത്. രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ തന്നെ ജീവനാഢിയായി കണക്കാക്കുന്ന റെയിൽവേ ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേകതകള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് ഏതെന്ന് അറിയാമോ? വെറും 83 മണിക്കൂറിനുള്ളിൽ 4,000-ത്തിലധികം കിലോമീറ്ററുകൾ താണ്ടുന്ന ഈ റൂട്ട് ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോവുന്നത്.

അസമിലെ ദിബ്രുഗർ മുതൽ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയുള്ള ഈ ട്രെയിൻ റൂട്ട് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും നീളമേറിയ റൂട്ടുകളിൽ ഇത് ഇടം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത കാലാവസ്ഥകൾ, ഭൂപ്രദേശങ്ങൾ, ഭാഷാപരമായ പ്രദേശങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഈ റെയിൽ പാത വിവിധ സംസ്കാരങ്ങളുടെ നേരിട്ടുള്ള അനുഭവമാണ് നൽകുന്നത്. വിവേക് എക്സ്പ്രസ് എന്നറിയപ്പെടുന്ന ട്രെയിനാണ് ദിബ്രുഗർ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തുന്നത്. 80 മണിക്കൂറും 15 മിനിറ്റും കൊണ്ട് 4,273 കിലോമീറ്ററുകളാണ് റെയിൽ പാതയിലൂടെ ഈ ട്രെയിൻ താണ്ടുന്നത്. ഏകദേശം 55 ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകളും ട്രെയിനുണ്ട്.

168 വർഷത്തെ ചരിത്രവും 1,26,611 കിലോമീറ്റർ ട്രാക്കുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേയ്ക്ക് 2021 ലെ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ളത്. ഈ വലിയ റെയിൽ ശൃംഖലയെ 18 സോണുകളായാണ് തിരിച്ചിരിക്കുന്നതും. 2020-21 മുതൽ ഇന്ത്യൻ റെയിൽവേ പ്രതിദിനം 3.43 ദശലക്ഷം യാത്രക്കാരെയാണ് അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുന്നതെന്നാണ് കണക്കുകൾ.
മധ്യ റെയിൽവേ – മുംബെ (CST), കിഴക്കൻ മധ്യ റെയിൽവേ – ഹാജിപ്പൂർ, കിഴക്കൻ തീരദേശ റെയിൽവേ – ഭുവനേശ്വർ, കിഴക്കൻ റെയിൽവേ – കൊൽക്കത്ത, വടക്ക് കിഴക്കൻ റെയിൽവേ – ഗൊരഖ്പൂർ, വടക്കൻ മധ്യറെയിൽവേ – അലഹബാദ്, വടക്ക് പടിഞ്ഞാറ് റെയിൽവേ – ജയ്പൂർ, വടക്ക് കിഴക്കൻ അതിർത്തി റെയിൽവേ – ഗുവാഹത്തി, ഉത്തര റെയിൽവേ – ന്യൂഡൽഹി, എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിലെ ആദ്യത്തെ ഒമ്പതെണ്ണവും അവയുടെ ആസ്ഥാനവും.

ക്ഷിണ മധ്യറെയിൽവേ – സെക്കന്തരാബാദ്, തെക്ക് കിഴക്കൻ മധ്യറെയിൽവേ – ബിലാസ്പൂർ, തെക്ക് കിഴക്കൻ റെയിൽവേ – കൊൽക്കത്ത, തെക്ക് പടിഞ്ഞാറൻ റെയിൽവേ – ഹൂബ്ലി, ദക്ഷിണ റെയിൽവേ – ചെന്നൈ, പടിഞ്ഞാറൻ മധ്യറെയിൽവേ – ജബൽപൂർ, പടിഞ്ഞാറൻ റെയിൽവേ – മുംബൈ, ദക്ഷിണ തീരദേശ റെയിൽവേ – വിശാഖപട്ടണം, മെട്രോ റെയിൽവേ – കൊൽക്കത്ത എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിൽ ഉൾപ്പെടുന്ന മറ്റുള്ളവ. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്‌ഫോം യുപിയിലെ ഗോരഖ്പൂരിലാണ്. 2013-ലെ പുതുക്കിപ്പണിയലോടെ 1366.33 മീറ്റര്‍ നീളമെന്ന ബഹുമതിയിലാണ് എത്തിച്ചേര്‍ന്നത്. രണ്ടാം സ്ഥാനം 1180.5 മീറ്റര്‍ നീളമുള്ള കൊല്ലം റെയില്‍വേ പ്ലാറ്റ്‌ഫോമിനാണെന്നതും കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.