മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. ഒരു കോൺഗ്രസുകാരൻ ആണ് താൻ എന്ന് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പാർട്ടിയിൽ തന്നെ അന്ധമായി വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ് എന്നും ഇദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി എത്തിയപ്പോൾ ആദ്യം അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിക്കാൻ ചെന്നവരിൽ ടിനി ടോമും ഉണ്ടായിരുന്നു. ഇതുപോലെ തന്നെ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദമായിരുന്നു ഡോക്ടർ വന്ദന ദാസിന്റെ മരണം. മെഡിക്കൽ ചെക്കപ്പിന് കൊണ്ടുവന്ന പ്രതി ഇവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ആയിരുന്നു കേരളത്തിൻറെ പൊതുസമൂഹത്തിൽ നിന്നും ഉണ്ടായത്. മകളുടെ മരണത്തെ തുടർന്ന് ആത്മഹത്യയുടെ വക്കിൽ നിന്ന് വന്ദനയുടെ കുടുംബത്തെ രക്ഷിച്ചത് സുരേഷ് ഗോപിയാണ് എന്നാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ ടിനി ടോം വെളിപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് മത്ത്. ഇതിലെ ഒരു ഗാനവും ഇദ്ദേഹം പാടിയിട്ടുണ്ട്.
“മത്ത് എന്ന സിനിമയിലെ ഗാനം പാടുമ്പോൾ നിമിത്തം പോലെ ഡോക്ടർ വന്ദനാദാസിന്റെ വീട് സന്ദർശിക്കുവാൻ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോൾ അവരുടെ അച്ഛൻ അവളുടെ റൂമിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ വന്ദന ഉപയോഗിച്ച ലാപ്ടോപ്പ്, വാച്ച്, ഫോണ്, പേന എന്നിവയെല്ലാം എനിക്ക് കാണിച്ചു തന്നു. ഒരു മുറിയിൽ ആ മകളുടെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. ആ കുട്ടിയുടെ ഒരു അദൃശ്യമായ സാന്നിധ്യം എനിക്ക് അവിടെ ഫീൽ ചെയ്തു. ആ പഴയ അച്ഛനൊക്കെ എന്നോ മരിച്ചു പോയി, ഈ മകൾ മരിച്ച കൂട്ടത്തിൽ അച്ഛനും മരിച്ചുപോയി” – ടിനി ടോം പറയുന്നു.
“അവരിപ്പോൾ വെറുതെ ജീവിക്കുക മാത്രമാണ്. ഇവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അവരെ രക്ഷിച്ചത് സുരേഷേട്ടനാണ്. പിന്നീടാണ് ഞാൻ ആ അച്ഛനെ കാണുന്നത് സുരേഷേട്ടന്റെ മകളുടെ വിവാഹത്തിന് ഒരു സൈഡിൽ ഇരിക്കുന്നതാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ ഒരു അച്ഛൻ കാണുമ്പോൾ ഉണ്ടാവുന്ന ഇമോഷൻ ഉണ്ടല്ലോ, കണ്ണൊക്കെ നിറഞ്ഞൊഴുകുകയായിരുന്നു” – താരം കൂട്ടിച്ചേർക്കുന്നു.