രാഷ്ട്രീയക്കാരന്റെ കുപ്പായം എടുത്തണിഞ്ഞ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരെ കുറിച്ചറിയാം

ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ലോകത്താകമാനം വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നവരായി താരങ്ങള്‍ മാറുമ്പോള്‍ അവര്‍ ഹീറോ ആകും. പ്ലെയിംഗ് കരിയറിന് ശേഷം ആ ഹീറോകള്‍ക്ക് മുന്നില്‍ പലവഴികള്‍ തെളിയും. അതില്‍ ഏറ്റവും ശ്രേഷ്ഠം രാഷ്ട്രീയം തന്നെ. രാജ്യത്തെ നയിക്കാനുള്ള അവസരമാണല്ലോ രാഷ്ട്രീയം. ഫുട്‌ബോള്‍ രാജാവ് പെലെയും ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് ലിലിയന്‍ തുറാമും ഉള്‍പ്പടെ നിരവധി പേരാണ് രാഷ്ട്രീയക്കാരന്റെ കുപ്പായം എടുത്തണിഞ്ഞത്. ആ ഗണത്തില്‍ ഉള്‍പ്പെടുന്ന പ്രമുഖ കളിക്കാരെ കുറിച്ചറിയാം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ താരമായിരുന്നു റഷ്യക്കാരനായ അര്‍ഷാവിന്‍. നാല് സീസണില്‍ ഏറെയും പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ വിംഗര്‍ക്ക് കൂടുതല്‍ കാലം ആഴ്‌സണലില്‍ തുടരാന്‍ സാധിച്ചില്ല. റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് അര്‍ഷാവിന്‍ തിളങ്ങിയത്. മുപ്പത്താറാം വയസില്‍ കസാഖിസ്ഥാനിലെ എഫ് സി കെയ്‌റാറ്റിന്റെ താരമാണ്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു കാര്യം അര്‍ഷാവിന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പാര്‍ട്ടിക്കായി പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍ കാംപെയ്‌നറായിരുന്നു.

ആഫ്രിക്കന്‍ ഫുട്‌ബോളിലെ എക്കാലത്തേയും ഇതിഹാസം. തൊണ്ണൂറുകളില്‍ ഒഴുകി നടന്ന് ഗോളടിച്ച വിയ ഫ്രാന്‍സില്‍ പി എസ് ജി, എഎസ് മൊണാക്കോ, ഇറ്റലിയില്‍ എ സി മിലാന്‍ ക്ലബ്ബുകളുടെ താരമായിരുന്നു. വിവിധ ക്ലബ്ബുകളിലായി മുന്നൂറിലേറെ ഗോളുകള്‍ നേടിയ വിയ യൂറോപ്പിന് ആഫ്രിക്കന്‍ താരങ്ങളിലുള്ള മതിപ്പ് വര്‍ധിപ്പിച്ചു. മൊണാക്കോയുടെ മഹാനായ സ്‌ട്രൈക്കര്‍ 2018 ജനുവരിയില്‍ ലൈബീരിയയുടെ ഇരുപത്തഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

പെലെ, 1200 ല്‍ ഏറെ കരിയര്‍ ഗോളുകള്‍. ഈ ഭൂമുഖത്തെ ഫുട്‌ബോള്‍ പ്രതിഭാസം ബ്രസീലിന് തുടരെ ലോക കിരീടം നേടിക്കൊടുത്തു. 1977 ല്‍ പ്ലെയിംഗ് കരിയറില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചു. യുനെസ്‌കോയുടെ ഗുഡ്വില്‍ അംബാസഡറായും യു എന്‍ പ്രകൃതി സംരക്ഷണ അംബാസഡറായും പ്രവര്‍ത്തിച്ച പെലെ ബ്രസീലിന്റെ കായിക മന്ത്രിയായി. കായിക മേഖലയിലെ അഴിമതിക്കെതിരെ പെലെ നിയമം എന്ന പേരില്‍ ഒരു നിയമം പ്രാബലത്തില്‍ കൊണ്ടു വന്നു. ഒടുവില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പെലെ രാജിവെച്ചു. ഡിയഗോ മറഡോണക്കൊപ്പം ഇരുപതാം നൂറ്റാണ്ടിന്റെ താരമായി പെലെയെ ഫിഫ തെരഞ്ഞെടുത്തിരുന്നു.