മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ കഥയാണ് പരമ്പര പറയുന്നത്. ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഈ പരമ്പര. നിരവധി കഥാപാത്രങ്ങളാണ് പരമ്പരയിലുള്ളത്. അതിലെ ഒരു പ്രധാന കഥാപാത്രമാണ് അപർണ എന്ന അപ്പു. അപ്പു വിവാഹം ചെയ്തിരിക്കുന്നത് ഹരി എന്ന യുവാവിനെ ആണ്. സാന്ത്വനം തറവാട്ടിലെ അംഗമാണ് ഹരി. എങ്ങനെയെങ്കിലും ഈ വീട്ടിൽ നിന്നും അപർണ്ണയെ അടർത്തി എടുക്കണം എന്ന ലക്ഷ്യവുമായിട്ടാണ് രാജലക്ഷ്മി എന്ന കഥാപാത്രം പരമ്പരയിൽ എത്തിയത്. ഇപ്പോൾ ഈ കഥാപാത്രമാണ് പരമ്പരയെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് വേണമെങ്കിൽ പറയാം.
അപർണയുടെ അച്ഛൻ തമ്പിയുടെ സഹോദരി ആണ് രാജലക്ഷ്മി. സാന്ത്വനം വീട്ടിലെ സമാധാനം തകർത്തു അപർണ്ണയെ തിരികെ കൊണ്ടുപോകുവാൻ ആണ് രാജലക്ഷ്മി വന്നത്. അപർണയുടെ ഒപ്പം ഹരിയും കൊണ്ടുപോരണം എന്നാണ് തമ്പി ഇവർക്ക് നൽകിയ നിർദ്ദേശം. ഇപ്പോൾ പരമ്പരയിലെ വില്ലത്തി കഥാപാത്രമാണ് രാജലക്ഷ്മി. വില്ലത്തി കഥാപാത്രമാണെങ്കിലും ഇവരുടെ പ്രകടനം അതിഗംഭീരം ആയതുകൊണ്ട് ഈ നടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ.
സരിത ബാലകൃഷ്ണൻ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ മേഖലയിലൂടെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് സരിത ബാലകൃഷ്ണൻ. നൃത്ത വേദികളിലും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു. ഖൽബാണ് ഫാത്തിമ എന്ന ഹിറ്റ് ആൽബങ്ങളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മിന്നുകെട്ട് എന്ന പരമ്പരയിലൂടെ ആയിരുന്നു. ഈ പരമ്പരയിൽ താരം അഭിനയിച്ചിട്ടില്ല എങ്കിലും ഇതിനു മുൻപ് വന്നിരുന്ന അശകൊശലേ പെണ്ണുണ്ടോ എന്ന പാട്ടിന് ചുവടുവെച്ചത് താരമായിരുന്നു. എന്തായാലും സാന്ത്വനം എന്ന പരിപാടിയിൽ താരം വീണ്ടും എത്തിയതോടെ വീണ്ടും ഈ താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ.
താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. സോൾട്ട് ആൻഡ് പേപ്പർ ഫുഡ് ചാനൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. രസകരമായ നിരവധി പാചക വീഡിയോകൾ ആണ് ഇവർ ഇതിലൂടെ പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നത്. ഇവരെക്കൂടാതെ മഞ്ജു പത്രോസ്, രേഖ രതീഷ് തുടങ്ങിയവയെല്ലാം തന്നെ ചാനലിൽ എത്താറുണ്ട്. സെലിബ്രിറ്റി കുക്കിംഗ് ചാനൽ ആയതുകൊണ്ടുതന്നെ ഇവരുടെ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്നാട് സ്പെഷ്യൽ പനം കിഴങ്ങ് കൊണ്ട് രുചിയൂറും വിഭവങ്ങൾ ആണ് ഇത്തവണ സരിത ഉണ്ടാക്കുന്നത്. ഇതിനു മുൻപ് ആടിൻറെ കരൾ ഫ്രൈ, കറുത്ത അരി കൊണ്ടുള്ള ബിരിയാണി തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു. ശരിക്കും രാജലക്ഷ്മി എന്ന ലച്ചു ഇത്രയും പാവം ആണോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ഈ വീഡിയോ കണ്ടതോടെ ചോദിക്കുന്നത്.