അഞ്ചാം ടെസ്റ്റില്‍ ഗംഭീര സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഗംഭീര സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യയുടെ 378 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ സെഞ്ച്വറിയാണ് മുന്‍ നായകന്‍ നേടിയത്. ഏറ്റവും നിര്‍ണ്ണായകമായ സമയത്തെ ഏറ്റവും മികച്ച പ്രകടനമെന്ന് തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ഈ വര്‍ഷം മിന്നും ഫോമിലുള്ള റൂട്ട് അഞ്ചാം സെഞ്ച്വറിയാണ് നേടിയെടുത്തത്. 2021 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ റൂട്ട് എതിരാളികളില്ലാതെ കുതിക്കുകയാണ്. 24 മത്സരത്തില്‍ നിന്ന് 60.25 ശരാശരിയില്‍ 2595 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 11 സെഞ്ച്വറിയും ഉള്‍പ്പെടും. ഫാബുലസ് ഫോറിലെ മറ്റുള്ളവര്‍ റൂട്ടിന്റെ ഏഴയലത്ത് പോലും വരില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 11 ടെസ്റ്റില്‍ നിന്ന് 45.82 ശരാശരിയില്‍ നേടിയത് 779 റണ്‍സ്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. 15 മത്സരത്തില്‍ നിന്ന് 756 റണ്‍സാണ് അദ്ദേഹം നേടിയത്. 29.07 ശരാശരി മാത്രമുള്ള കോലി ഒരു സെഞ്ച്വറി പോലും ഇക്കാലയളവില്‍ നേടിയിട്ടില്ല. കഴിഞ്ഞ 76 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആറ് ടെസ്റ്റ് കളിച്ചപ്പോള്‍ 49.10 ശരാശരിയില്‍ നേടിയത് 291 റണ്‍സാണ്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് റൂട്ട് കടന്നുപോകുന്നതെന്ന് പറയാം. നിലവിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള താരമെന്ന റെക്കോഡും റൂട്ട് സ്വന്തം പേരിലാക്കി. 28 സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 27 സെഞ്ച്വറിയുള്ള വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. 24 സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണുമാണ് മൂന്നാം സ്ഥാനത്തുള്ളത്. നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറിയുള്ള താരമെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 70 സെഞ്ച്വറിയുമായി വിരാട് കോലി ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കും ജോ റൂട്ടിനും 43 സെഞ്ച്വറികള്‍ വീതമാണുള്ളത്. ഏകദിന, ടി20 ടീമില്‍ റൂട്ട് വലിയ സജീവമല്ല. ടെസ്റ്റിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങുന്നത്.