സമാനതകളില്ലാത്ത ദുരന്തമാണ് നമ്മൾ ഇപ്പോൾ വയനാട്ടിൽ കണ്ടുകൊണ്ടിരിക്കുന്നത്. തുടരെത്തുടരെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതിനോടകം 170 പേരുടെ മൃതദേഹം ആണ് കണ്ടെത്തിയിട്ടുള്ളത്. ഇനിയും ഒരുപാട് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കിട്ടാനുണ്ട്. മരണസംഖ്യ 200 കടക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അതേസമയം മുണ്ടക്കൈ എന്ന സ്ഥലത്ത് ആണ് ഉരുൾപൊട്ടൽ നടന്നിരിക്കുന്നത്. ഈ പ്രദേശത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പാലവും അപകടത്തിൽ ഒലിച്ചു പോയിരുന്നു.
പാലം തകർന്നതുകൊണ്ടുതന്നെ വലിയ രീതിയിൽ ബുദ്ധിമുട്ട് ആയിരുന്നു രക്ഷാപ്രവർത്തനങ്ങൾ എല്ലാം തന്നെ. വാഹനങ്ങൾക്കും മറ്റു സേവനങ്ങൾക്കും അങ്ങോട്ടേക്ക് എത്തിച്ചേരുവാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക പാലം അവിടെ നിർമ്മിച്ചിരിക്കുകയാണ്. ഇനി വാഹനങ്ങൾക്കും മറ്റും അങ്ങോട്ടേക്ക് എത്തുവാൻ എളുപ്പമായി. ഇതിനിടയിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ശ്രീലക്ഷ്മി ആർ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “ദുരന്തമുഖത്ത് അഹോരാത്രം ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് സഹോദരന്മാരെ മറന്നുകൊണ്ടല്ല ഈ പോസ്റ്റ്. അടിയന്തര സാഹചര്യങ്ങളിൽ, ശാരീരിക ക്ഷമത വേണ്ട സ്ഥലങ്ങളിൽ, സാങ്കേതിക ജ്ഞാനത്തിൽ എല്ലാം പുരുഷനൊപ്പം തോൽച്ചേർന്ന് നിൽക്കാൻ സ്ത്രീക്കും സാധിക്കും എന്നതിന്റെ നേർചിത്രം. മേജർ സീത ഷെൽകെ, ആർമിയുടെ ഡെയിലി പാലം നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ദൃശ്യം” – ഇതാണ് ഇവർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മേജർ സീതയുടെ ഒരു ഫോട്ടോയും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെയും ഇന്ത്യൻ ആർമിയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ദുരന്തമുഖങ്ങളിൽ ആർമി എത്തിക്കഴിഞ്ഞു എന്ന വാർത്ത കേട്ടാൽ പകുതി സമാധാനം ആയിരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും ഉടൻതന്നെ മുണ്ടക്കൈ പ്രദേശത്തുള്ള രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനും മൃതദേഹങ്ങൾ കണ്ടെത്തുവാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുവാനും ഇതിലൂടെ സാധിക്കും എന്നാണ് ഇപ്പോൾ എല്ലാവരും ഒരുപോലെ പ്രത്യാശിക്കുന്നത്.